വായ്പകൾ പുനഃക്രമീകരിക്കാൻ ബാങ്കുകൾ മുന്നോട്ടുവരണം -ഡോ. ശശി തരൂർ എം.പി

തിരുവനന്തപുരം: കോവിഡ്മൂലം പ്രവർത്തനം തടസ്സപ്പെട്ട് തിരിച്ചടവ്​ മുടങ്ങുന്ന വായ്പകൾ പുനഃക്രമീകരിക്കാൻ ബാങ്കുകൾ തയാറാകണമെന്ന് ഡോ. ശശി തരൂർ എം.പി. ലീഡ് ബാങ്കിൻെറ നേതൃത്വത്തിൽ നടന്ന ജില്ലതല ബാങ്കിങ് അവലോകനസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾ സാമ്പത്തികപ്രയാസംമൂലം ദുരിതമനുഭവിക്കുന്ന കാലമാണിത്. സ്വയംസഹായസംഘങ്ങൾക്കുള്ള വായ്പകൾ കാലവിളംബം കൂടാതെ നൽകാൻ ബാങ്കുകൾ ശ്രദ്ധിക്കണം. സ്വകാര്യ ബാങ്കുകളുടെ മുൻഗണനാ വായ്പാ വിതരണം കുറവാണ്. അത്​ വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2020-21ലെ ജില്ല വായ്പാപദ്ധതി അദ്ദേഹം പ്രകാശനം ചെയ്തു. ഗൂഗ്​ൾ മീറ്റിലൂടെ ഓൺലൈനായാണ് അവലോകനസമിതി യോഗം ചേർന്നത്. ജില്ലയിലെ വായ്പാ നിക്ഷേപാനുപാതം 65 ശതമാനമാണ്. 2020 മാർച്ച് വരെ ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 102021 കോടി രൂപയും വായ്പ 66445 കോടി രൂപയുമാണ്. 2020-21ലെ ജില്ലയിലെ മുൻഗണനാമേഖലയിലെ വായ്പാലക്ഷ്യം 10606 കോടി രൂപയാണ്. അതിൽ കാർഷികമേഖലയിൽ 4706 കോടി രൂപയും ചെറുകിട വ്യവസായമേഖലയിൽ 2180 കോടി രൂപയും മറ്റ്​ മുൻഗണനാ മേഖലയിൽ 3720 കോടി രൂപയുമാണ് വായ്പ നൽകുന്നത്. ലീഡ് ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്കിൻെറ നേതൃത്വത്തിൽ നടന്ന അവലോകനസമിതി യോഗത്തിൽ ജില്ല കലക്ടർ ഡോ. നവജോത് ഖോസ അധ്യക്ഷതവഹിച്ചു. റിസർവ് ബാങ്ക് അസി. ജനറൽ മാനേജർ വി.വി. വിശാഖ്, നബാർഡ് ജില്ലവികസന ഓഫിസർ ജി.എസ്. അനീഷ്കുമാർ എന്നിവർ ജില്ലയിലെ ബാങ്കുകളുടെ വായ്പാ വിതരണമുൾപ്പെടെയുള്ള പ്രവർത്തനം അവലോകനം ചെയ്തു. ഐ.ഒ.ബി ഡെപ്യൂട്ടി ജനറൽ മാനേജർ വി.എച്ച്. സുരേഷ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.