കരുനാഗപ്പള്ളിയിൽ മൂന്നുപേർക്ക് കൂടി കോവിഡ്; രണ്ടുപേർക്ക് സമ്പർക്കം വഴി

കരുനാഗപ്പള്ളി: വിവിധ പഞ്ചായത്തുകളിലായി മൂന്നുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച തൊടിയൂർ സ്വദേശിയായ പുതിയകാവ് മാർക്കറ്റിലെ വ്യാപാരിയുടെ ഭാര്യക്കും സഹോദരനുമാണ് ഇപ്പോൾ കോവിഡ് സ്വിരീകരിച്ചിരിക്കുന്നത്. ഇവർക്ക് സമ്പർക്കം മൂലമാണ് രോഗം പകർന്നത്. ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിയായ കെ.എസ്പുരം പോസ്​റ്റ് ഓഫിസിലെ പോസ്​റ്റുമാനാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. വ്യാപാരിയുടെ വീട് സ്ഥിതിചെയ്യുന്ന തൊടിയൂർ പഞ്ചായത്തിലെ 23ാം വാർഡ്, അഞ്ച്​, 13, 15 എന്നീ വാർഡുകളിലും കർശന നിയന്ത്രണമേർപ്പെടുത്താൻ തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ തീരുമാനിച്ചു. ഇവിടെ പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട 25 പേരുടെ സ്രവം പരിശോധനക്കയച്ചു. കൂടുതൽ പേരിലേക്ക് രോഗം പകരുന്ന സാഹചര്യം ഉണ്ടായാൽ ഇവർക്കായി പ്രത്യേക ചികിത്സ കേന്ദ്രങ്ങൾ ഒരുക്കുന്നതിനും യോഗത്തിൽ തീരുമാനമായി. കുലശേഖരപുരം, പുത്തൻതെരുവിലെ പോസ്​റ്റുമാനുമായി കഴിഞ്ഞ 15നുശേഷം നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട 11, 13, 14 വാർഡുകളിൽപെട്ട ആളുകൾ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടാൻ അധികൃതർ അറിയിച്ചു. പതിമൂന്നാം വാർഡിൽകൂടി നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. പോസ്​റ്റ്മാൻ സന്ദർശനം നടത്തിയ ആലപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രം താൽക്കാലികമായി അടച്ചു. ഇവിടുത്തെ ഡോക്ടറും ആശാ പ്രവർത്തകയും ഉൾപ്പെടെയുള്ളവരുടെ സ്രവം പരിശോധനക്കായി അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.