ഒഴിവുകളും തസ്തിക സൃഷ്​ടിക്കലും ട്രിപ്ൾ ലോക്ഡൗണിൽ 'കുടുങ്ങി'

തിരുവനന്തപുരം: തലസ്ഥാനത്തെ ട്രിപ്ൾ ലോക്ഡൗണിനെ തുടർന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലുണ്ടായ സാങ്കേതിക തടസ്സം കണക്കിലെടുത്ത് ​െലക്ചറർ ഇൻ ഇംഗ്ലീഷ് (കോളജ് തലം) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി നീട്ടണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ. 2017 ജൂലൈ 21ന് നിലവിൽ വന്ന റാങ്ക് പട്ടിക 20ന് അവസാനിക്കാനിരിക്കെയാണ് മറ്റ് നൂറോളം റാങ്ക് ലിസ്​​റ്റുകൾക്ക് നൽകിയ പരിഗണന തങ്ങൾക്കും വേണമെന്ന്​ ഉദ്യോഗാർഥികൾ സർക്കാറിനോടും പി.എസ്.സിയോടും ആവശ്യപ്പെടുന്നത്. 2012ലാണ് ​െലക്ചറർ ഇൻ ഇംഗ്ലീഷ് തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചതെങ്കിലും വിവിധ പ്രശ്​നങ്ങൾക്കൊടുവിൽ റാങ്ക് പട്ടികയിൽനിന്ന്​ ആദ്യനിയമനം നടന്നത് 2018 ജൂണിലാണ്. ഇതിനകം 187 പേർക്ക് നിയമന ശിപാർശ ലഭിച്ചിട്ടുണ്ട്. കോർപറേഷൻ പരിധിയിൽ ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റും ടെക്നിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും അടച്ചതോടെ എട്ടോളം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനും പുതിയ തസ്തിക സൃഷ്​ടിക്കാനുമുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ പ്രപ്പോസൽ അയച്ച് കാത്തിരിക്കുന്നത്​ 16 ലധികം തസ്തികകൾക്കാണ്​ (ആർട്സ് കോളജ് -എട്ട്, എൻജിനീയറിങ്​ കോളജ് - ഏഴ് പോളിടെക്നിക് കോളജ്- ഒന്ന്). സാങ്കേതിക കാരണങ്ങളാൽ മാത്രം തടഞ്ഞുവെച്ച പ്രിൻസിപ്പൽ പ്രമോഷൻ നടന്നാൽ നാലോ അഞ്ചോ തസ്തിക വേറെയും പ്രതീക്ഷിക്കുന്നുണ്ട്. കോവിഡിൻെറ പശ്ചാത്തലത്തിൽ കോളജുകൾ തുറക്കാത്തതിനാൽ ഇവിടെയുള്ള ഒഴിവുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ലോക്ഡൗണിനെ തുടർന്ന് പി.എസ്.സി ആസ്ഥാനവും അടച്ചിരിക്കുകയാണ്. നിയമനം പ്രതീക്ഷിച്ചുനിൽക്കുന്ന പലർക്കും ഇത് അവസാന അവസരമാണ്. അനിരു അശോകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.