പെരുമ്പിലാവ്: അക്കിക്കാവ് പുത്തംകുളത്ത് മരം വീണ് വൈദ്യുതി കമ്പി പൊട്ടി വീണ് വഴി തടസ്സപ്പെട്ടു. വൻ ദുരന്തമൊഴിവായി. ഞായറാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്ക് പൊട്ടി വീണത്. സമീപത്തെ വീടിന് മുകളിലേക്ക് മരച്ചില്ലകൾ പതിച്ചെങ്കിലും വീടിനോ ആളുകൾക്കോ പരിക്കില്ല. കെ.എസ്.ഇ.ബി ജീവനക്കാരുടെ സമയോചിത ഇടപെടലിൽ വൻ അപകടം ഒഴിവായി. തിങ്കളാഴ്ച മരങ്ങൾ വെട്ടിമാറ്റി ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിച്ചു.
പെരുമ്പിലാവ്: അക്കിക്കാവ്-പന്നിത്തടം ബൈപാസ് റോഡിൽ ഞായറാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഐ.ആർ.ഡബ്ലിയു പ്രവർത്തകരുടെ നേതൃത്വത്തിൽ മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കെ. അനീസ്, എ.കെ. അബ്ദുൽ കരീം, ഹിഷാം താലിബ്, മൊയിനുദീൻ എന്നിവർ നേതൃത്വം നൽകി.
പെരുമ്പിലാവ്: മഴയോടൊപ്പം വീശിയ കാറ്റിൽ തേക്ക് കടപുഴകി വീണ് ഷെഡും കാറും തകർന്നു. ചാലിശേരി മെയിൻ റോഡിലെ സ്വകാര്യ ക്വാട്ടേഴ്സിൽ ഞായറാഴ്ച രാത്രിയിലാണ് സംഭവം. ക്വാട്ടേഴ്സിൽ താമസിക്കുന്നവരുടെ വാഹനങ്ങൾ നിർത്തുന്ന വലിയ ഷെഡിന് മുകളിലേക്കാണ് സമീപവാസിയുടെ മരം കടപുഴകി വീണത്. ഷെഡിനുള്ളിലുണ്ടായിരുന്ന വാണിയപുരക്കൽ ജിജുവിന്റെ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.
വടക്കേക്കാട്: ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് തേക്ക് മരം കടപുഴകി വീണു. കച്ചേരിപ്പടി വില്ലേജ് ഒഫിസിന് പിറകിൽ താമസിക്കുന്ന കൊമ്പത്തയ്യിൽ നിസാറിന്റെ വീടിന് മുകളിലേക്കാണ് മരം കടപുഴകിയത്. വീടിന്റെ സൺഷൈഡ് ഭാഗികമായി തകർന്നു. അയൽവാസിയുടെ വീട്ടുവളപ്പിലെ തേക്ക് മരമാണ് ഞായറാഴ്ച രാത്രിയിലെ ശക്തമായ മഴയിലും കാറ്റിലും വീണത്.
എരുമപ്പെട്ടി: കാറ്റിലും മഴയിലും മരം റോഡിനു കുറുകെ പൊട്ടിവീണു. കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് കോളനിയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരമാണ് ഞായറാഴ്ച രാത്രി പൊട്ടിവീണത്. വൈദ്യുതിക്കമ്പിയിലും ഒപ്റ്റിക്കൽ ഫൈബർ കേബിളിലും തട്ടി വീണതിനെത്തുടർന്ന് കേബിൾ പൊട്ടി. തിങ്കളാഴ്ച രാവിലെ നാട്ടുകാർ മരം മുറിച്ചുമാറ്റി.
വേലൂർ: കാറ്റിലും മഴയിലും പുളിമരം കടപുഴകി വീട് തകർന്നു. ഗൃഹനാഥന് പരിക്കേറ്റു. വേലൂർ പോസ്റ്റ് ഓഫിസ് സെന്ററിനു സമീപം ലക്ഷംവീട് കോളനിയിൽ ഞാലിൽ വീട്ടിൽ വേലായുധന്റെ വീടാണ് തകർന്നത്. തലക്ക് പരിക്കേറ്റ വേലായുധനെ പ്രാഥമികശുശ്രൂഷ നൽകി വിട്ടു.
ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വേലായുധനും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് പുറത്തേക്ക് ഓടുന്നതിനിടെയാണ് വേലായുധന്റെ തലയിൽ ഓട് വീണത്. മരം വീണ് ഓടുമേഞ്ഞ വീട് പൂർണമായും തകർന്നു. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി, പഞ്ചായത്ത് അംഗം ശുഭ അനിൽ കുമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.