കു​ന്നം​കു​ളം കു​റു​ക്ക​ൻ​പാ​റ താ​ഞ്ച​ൻ​കു​ന്നി​ൽ താ​ലൂ​ക്ക് ആ​സ്ഥാ​ന മ​ന്ദി​ര നി​ർ​മാ​ണ​ത്തി​നാ​യി മു​റി​ച്ചു മാ​റ്റു​ന്ന നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള മ​ര​ങ്ങ​ൾ

വനം വകുപ്പ് എതിർപ്പ് മറികടന്ന് വ്യാപക മരം മുറി

തൃശൂർ/കുന്നംകുളം: സർക്കാർ അനുമതിയോടെ ജില്ലയിൽ വ്യാപകമായി മരങ്ങൾ മുറിച്ചുനീക്കുന്നു. കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരവും വിയ്യൂർ ജില്ല ജയിലിന്‍റെ ചുറ്റുമതിലും നിർമിക്കാനായി 72 വൻ മരങ്ങളാണ് മുറിക്കുന്നത്. കുന്നംകുളം കുറുക്കൻപാറ താഞ്ചൻകുന്നിൽ താലൂക്ക് ആസ്ഥാന മന്ദിര നിർമാണത്തിനായി 54 മരങ്ങൾ മുറിക്കാൻ ട്രീ കമ്മിറ്റി അനുമതി നൽകി.

മുറിച്ചു മാറ്റുന്നതിൽ 100 വർഷത്തിലധികം പഴക്കമുള്ള വൻ മരങ്ങളും ഉൾപ്പെടുന്നുണ്ട്. ഇത്രയധികം മരങ്ങൾ മുറിച്ചുമാറ്റുന്നതിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എതിർത്തിരുന്നു. ഇത് മറികടന്നാണ് നഗരസഭ ചെയർപേഴ്സൻ, വാർഡ് അംഗം തുടങ്ങിയവർ അടങ്ങുന്ന ട്രീ കമ്മിറ്റി അനുമതി നൽകിയത്. കെട്ടിട നിർമാണത്തിനായി 36 മരങ്ങളും ചുറ്റുമതിലിനുവേണ്ടി 18 മരങ്ങളുമാണ് മുറിക്കാൻ തീരുമാനിച്ചത്. ചുറ്റുമതിൽ നിർമിക്കാൻ മാത്രം 1.30 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിന്റെ ഭാഗമായി മതിൽ സ്ഥാപിക്കാൻ ഒമ്പത് മരങ്ങൾ നേരത്തെ മുറിച്ചിരുന്നു. കെട്ടിടത്തിന് തയാറാക്കിയ പ്ലാനിൽ 19 മരങ്ങൾ വരുന്നുണ്ട്. അവ മാത്രം മുറിച്ചു മാറ്റിയാൽ മതിയെന്ന ഉദ്യോഗസ്ഥ നിർദേശം കാറ്റിൽ പറത്തുകയായിരുന്നു. ശേഷിക്കുന്ന മരങ്ങൾ ഭാവിയിൽ കെട്ടിടത്തിനും പരിസരത്തിനും കേടുപാടുണ്ടാക്കുമെന്ന നിലപാടാണ് ഇവരിലുള്ളത്. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ശക്തമായിട്ടുണ്ട്.

വിയ്യൂർ ജില്ല ജയിൽ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട് തടസ്സമായി നിൽക്കുന്ന 18 മരങ്ങളാണ് മുറിക്കുന്നത്. ഇതിന്റെ ലേലം നാലിന് ഉച്ചതിരിഞ്ഞ് വൈകീട്ട് മൂന്നിന് നടക്കും.

കുന്നംകുളം താലൂക്ക് ആസ്ഥാനമന്ദിര നിർമാണത്തിനായി മരങ്ങൾ മുറിക്കുന്നതിൽ കുന്നംകുളം നഗരസഭയാണ് തീരുമാനമെടുക്കേണ്ടതെന്നും കാര്യങ്ങൾ വിശദമായി അന്വേഷിക്കാൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കെ. രാജൻ പ്രതികരിച്ചു.

പ്രതിഷേധവുമായി കോൺഗ്രസ്

കുന്നംകുളം: താലൂക്ക് ഓഫിസ് മന്ദിരത്തിന് വ്യക്തമായ രൂപരേഖ പോലും തയാറാക്കുന്നതിന് മുമ്പ് 54 മരങ്ങൾ മുറിക്കാൻ ട്രീ കമ്മിറ്റി തീരുമാനമെടുത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഉന്നത അധികാരികൾക്ക് കോൺഗ്രസ് പരാതി നൽകും.

യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശേരി, കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ. ജയശങ്കർ, മണ്ഡലം പ്രസിഡന്‍റ് ബിജു സി. ബേബി, നഗരസഭ കൗൺസിലർമാരായ ഷാജി ആലിക്കൽ, മിഷ സെബാസ്റ്റ്യൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി.കെ. ബാബു, സി.വി. ജാക്സൺ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. അത്യാവശ്യം വേണ്ട മരങ്ങൾ മാത്രം മുറിക്കാനും തണൽ നൽകുന്ന മറ്റു വൃക്ഷങ്ങൾ നിലനിർത്താനും നടപടി വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

മരങ്ങൾ നിലനിർത്തി തന്നെ മതിൽ പണിയാൻ നൂതന സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ അത്തരത്തിലുള്ള കാര്യങ്ങളെ സംബന്ധിച്ച് ദീർഘവീക്ഷണമില്ലാതെ വ്യാപകമായി വൻ മരങ്ങളാണ് വെട്ടി നശിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

പരിസ്ഥിതിക്ക് വിരുദ്ധമെന്ന് ബി.ജെ.പി

കുന്നംകുളം: വനം വകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് മരങ്ങൾ മുറിക്കാനുള്ള നഗരസഭ നടപടി പരിസ്ഥിതിക്ക് വിരുദ്ധമെന്ന് ബി.ജെ.പി ജില്ല കമ്മിറ്റി അംഗവും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ കെ.കെ. മുരളി. നൂറ്റാണ്ടുകളോളം പഴക്കമുള്ള മരങ്ങള്‍ പ്രകൃതിക്കും ജനങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം അവഗണിച്ച് മരങ്ങള്‍ മുറിച്ച് വിൽപന നടത്താനാണ് ശ്രമം. പ്രകൃതിക്ക് നിരക്കാത്ത തീരുമാനത്തില്‍ നിന്നും അധികാരികള്‍ പിന്‍മാറണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി ബി.ജെ.പി രംഗത്തുണ്ടാകുമെന്ന് മുരളി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.