കോട്ടപ്പുറം പാലത്തിന് സമീപം വീടുകൾക്ക് ചുറ്റും ചളിവെള്ളം കെട്ടി നിൽക്കുന്നു
കൊടുങ്ങല്ലൂർ: ദേശീയപാത നിർമാണത്തിലെ അനാസ്ഥയുടെ ദുരിതക്കയത്തിൽനിന്ന് മോചനമില്ലാതെ കോട്ടപ്പുറത്തെ കുടുംബങ്ങൾ. കോട്ടപ്പുറം പാലത്തിന് സമീപം താമസിക്കുന്ന എട്ടോളം കുടുംബങ്ങളാണ് ദേശീയപാത വികസനത്തിന്റെ ദുരിതം പേറുന്നത്. റോഡ് നിർമാണം തുടങ്ങിയയന്ന് മുതൽ ഇവരുടെ ജീവിതം അത്യന്തം ദുസ്സഹമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഓരോരുത്തരും പ്രയാസം അനുഭവിക്കുകയാണ്.
വേനലിൽ പൊടിപടലം ഉൾപ്പടെ അന്തരീക്ഷ മലിനീകരണമായിരുന്നു പ്രധാന ദുരിതമെങ്കിൽ മഴ പെയ്തതോടെ വീടുകൾ ചളിയും കൽപ്പൊടിയും നിറഞ്ഞ കലക്കുവെള്ളത്തിൽ അകപ്പെട്ട നിലയിലാണ്. റോഡിലൂടെ ഒഴുകി എത്തുന്ന മലിനജലം താഴെയുള്ള വീടുകളുടെ ചുറ്റിലും കെട്ടി നിൽക്കുകയാണ്.അത്യാവശ്യ കാര്യങ്ങൾക്ക് പോലും മുറ്റത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് വീട്ടുകാർ. നിർമാണത്തിലിരിക്കുന്ന റോഡിൽ അടിഞ്ഞുകൂടിയിട്ടുള്ള കൽപ്പൊടി മഴവെള്ളത്തോടൊപ്പം വീട്ടുമുറ്റത്തേക്ക് കുത്തിയൊലിച്ചു വരികയാണ്.
വീടുകൾക്ക് രണ്ട് നിലയുള്ളവർ താഴത്തെ നില ഒഴിവാക്കി മുകളിലാണ് താമസം. കേന്ദ്ര സർക്കാറിന് കീഴിലുള്ള ദേശീയപാത അതോറിറ്റി ഏർപ്പെടുത്തിയ കരാറുകാരാണ് ദേശീയപാതയുടെ നിർമാണം നടത്തുന്നത്. കരാർ കമ്പനിയോ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോ ഇവിടത്തെ മനുഷ്യരുടെ യാതനകൾ ഗൗനിക്കുന്നില്ല. ദുരിതാവസ്ഥക്ക് അടിയന്തര പരിഹാരം വേണമെന്നാണ് ഇവിടെ ജീവിക്കുന്ന മനുഷ്യർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.