കൊടുങ്ങല്ലൂർ നഗരസഭ സ്ഥിരംസമിതി: ക്രോസ് വോട്ടിങ്​ തന്ത്രത്തിൽ എൽ.ഡി.എഫിന് തിരിച്ചടി

കൊടുങ്ങല്ലൂർ: നഗരസഭ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി ആസൂത്രിതമായി പയറ്റിയ ക്രോസ് വോട്ടിങ്​ തന്ത്രത്തിൽ എൽ.ഡി.എഫിന് തിരിച്ചടി. ഇതോടെ നഗരവികസനത്തിൽ സുപ്രധാനമായ പൊതുമരാമത്ത് സ്ഥിരം സമിതിയിൽ ഭൂരിപക്ഷം നേടിയ ബി.ജെ.പിക്ക് ചെയർമാൻ സ്ഥാനവും ലഭിക്കും.

ധനകാര്യ സ്ഥിരം സമിതിയിലും ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ട്. ധനകാര്യം ഒഴികെ അഞ്ച് സ്ഥിരം സമിതികളിലേക്ക് വനിത സംവരണ പ്രകാരമുള്ള അംഗങ്ങളെ കഴിഞ്ഞദിവസം വോട്ടിങ്ങിലൂടെ തെരഞ്ഞെടുത്തിരുന്നു. ചൊവ്വാഴ്ച നടന്ന ധനകാര്യ സ്ഥിരം സമിതിയിലെ വനിത സംവരണ സീറ്റിലേക്ക് ആരും നാമനിർദേശം നൽകാത്തതിനെ തുടർന്ന് വരണാധികാരി മറ്റ് കമ്മിറ്റികളിൽ അംഗങ്ങളല്ലാത്ത മുഴുവൻ വനിതകളെയും സ്ഥാനാർഥികളായി പ്രഖ്യാപിച്ച് വോട്ടെടുപ്പ് നടത്തി.

ഈ വോട്ടെടുപ്പിൽ ബി.ജെ.പി കൗൺസിലർമാർ എൽ.ഡി.എഫ് കൗൺസിലർ ലീല കരുണാകരനെ വോട്ടുചെയ്ത് ജയിപ്പിച്ചു. ആകെയുള്ള 44 അംഗങ്ങളിൽ ഏക കോൺഗ്രസ് അംഗം വി.എം. ജോണി വിട്ടുനിന്നു. തുടർന്നുനടന്ന വോട്ടെടുപ്പിൽ എൽ.ഡി.ഫിലെ 22 അംഗങ്ങൾ വോട്ട് അസാധുവാക്കിയ​േപ്പാൾ ബി.ജെ.പിക്കാർ 21 പേരും എൽ.ഡി.എഫിലെ ലീല കരുണാകരന് വോട്ട് ചെയ്യുകയായിരുന്നു.

ഇതോടെ മരാമത്ത് സ്ഥിരം സമിതിയിലേക്ക് എൽ.ഡി.എഫിന് ഒരു സ്ഥാനാർഥി കുറഞ്ഞു. ഇതേ തുടർന്ന് ആ കമ്മിറ്റിയിൽ എൽ.ഡി.എഫിന് മൂന്ന്​ അംഗങ്ങളെ മാത്രം മത്സരിപ്പിക്കാൻ കഴിയുന്ന സാഹചര്യം സംജാതമാവുകയായിരുന്നു. ബി.ജെ.പിക്ക് നാല്​ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ കഴിഞ്ഞു. അങ്ങനെ മരാമത്ത് സ്ഥിരംസമിതിയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചു.

വികസനം, ക്ഷേമകാര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ സ്ഥിരം സമിതികളിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു. ഒരു കമ്മിറ്റിയിലും ഉൾപ്പെടാത്തവരും മറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടവരും ആയ അംഗങ്ങളെ ചട്ടപ്രകാരം റിട്ടേണിങ്​ ഓഫിസർ ധനകാര്യ സ്ഥിരം സമിതിയിൽ ഉൾപ്പെടുത്തി. അതോടെ ആ കമ്മിറ്റിയിൽ ബി.ജെ.പി അംഗങ്ങൾക്ക് ഭൂരിപക്ഷം ലഭിച്ചു. ഏഴിൽ അഞ്ചെണ്ണം ബി.ജെ.പിയും ഒന്ന്​ കോൺഗ്രസ് അംഗവുമാണ്.

ധനകാര്യ സ്ഥിരം സമിതിയിലേക്ക് ബി.ജെ.പി വോട്ട് ചെയ്ത് വിജയിപ്പിച്ച എൽ.ഡി.എഫ് കൗൺസിലർ ലീല കരുണാകരൻ പിന്നീട്​ മുനിസിപ്പൽ സെക്രട്ടറിക്ക്​ രാജി സമർപ്പിച്ചു. ഇതോടെ എൽ.ഡി.എഫ് അംഗമായി വൈസ് ചെയർമാൻ മാത്രമാണ് നിലവിൽ ധനകാര്യത്തിലുള്ളത്.

എങ്കിലും ധനകാര്യ സ്ഥിരം സമിതി ചെയർമാൻ സ്ഥാനം നിലവിൽ മുനിസിപ്പൽ വൈസ് ചെയർമാൻ സ്ഥാനത്തുള്ളയാൾ വഹിക്കണമെന്ന നിയമം ഉള്ളതിനാൽ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ആ സ്ഥാനത്ത് നിലവിലുള്ള വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ നിയോഗിക്കപ്പെടും.

മറ്റ് കമ്മിറ്റികളിലേക്കുള്ള അധ്യക്ഷരുടെ തെരഞ്ഞെടുപ്പ് ഈമാസം 15ന് നടക്കും. ഒരു വോട്ടി​െൻറ വ്യത്യാസത്തിന് ഭരണം കൈയാളുന്ന എൽ.ഡി.എഫ് ഏക കോൺഗ്രസ് അംഗത്തെ അടുപ്പിച്ച് നിർത്താനും തയാറാകുന്നില്ല.

നഗരസഭ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തത്ത്വാധിഷ്ഠിത നിലപാട് സ്വീകരിച്ചുകൊണ്ട് വർഗീയ കക്ഷിയെ അകറ്റിനിർത്താൻ വോട്ട് ചെയ്യാതെ നിലകൊണ്ടപ്പോൾ അധികാരത്തിനോട് ആർത്തി മൂത്ത ബി.ജെ.പി കുടില തന്ത്രം പയറ്റുകയാണുണ്ടായതെന്ന് എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ കെ.ആർ. ജൈത്രൻ പറഞ്ഞു. 22 അംഗങ്ങളുള്ള തങ്ങൾക്കും വേണമെങ്കിൽ ബി.ജെ.പിയുടെ മാർഗം സ്വീകരിക്കാമായിരുന്നുവെന്നും എന്നാൽ, അത് ജനാധിപത്യ മര്യാദയല്ലെന്നും ജൈത്രൻ വ്യക്തമാക്കി.

Tags:    
News Summary - kodungallur municipality cross voting causes backlash for ldf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.