കൊടുങ്ങല്ലൂർ നഗരസഭ: ബി.ജെ.പി കൊണ്ടുവന്ന രണ്ടാം അവിശ്വാസവും പരാജയപ്പെട്ടു

കൊടുങ്ങല്ലൂർ: നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രനെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസപ്രമേയവും പരാജയപ്പെട്ടു. കൗൺസിൽ ബഹിഷ്കരണ തന്ത്രം ആവർത്തിച്ച ഭരണപക്ഷമായ ഇടതുപക്ഷത്തിനു മുന്നിൽ അവിശ്വാസം ചർച്ച ചെയ്യാൻ പോലുമായില്ല. വെള്ളിയാഴ്ച ചെയർപേഴ്സൻ എം.യു. ഷിനിജക്കെതിരായ അവിശ്വാസപ്രമേയത്തിനും സമാന അനുഭവമായിരുന്നു.

നഗരസഭ കൗൺസിലിൽ ക്വോറം തികയാത്തതിനാലാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാനും ചർച്ച ചെയ്യാനും കഴിയാതെപോയത്. 44 അംഗ കൗൺസിലിൽ ക്വോറം തികയാൻ 23 പേർ ഹാജരാകണം. എങ്കിലേ ബി.ജെ.പി.ക്ക് അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ അവസരം ലഭിക്കൂ. എന്നാൽ, ബി.ജെ.പി അംഗങ്ങളായ 21 പേർ മാത്രമേ കൗൺസിലിൽ ഹാജരായുള്ളൂ.

ഇടതുപക്ഷത്തെ 22 പേരും ഏക കോൺഗ്രസ് അംഗം വി.എം. ജോണിയും വിട്ടുനിന്നു. നഗരകാര്യ റീജനൽ ജോയൻറ് ഡയറക്ടർ അരുൺ തന്നെയാണ് അവിശ്വാസപ്രമേയ നടപടികൾക്കായി എത്തിയത്. എൽ.ഡി.എഫ് അംഗങ്ങൾ നഗരസഭ കാര്യാലയത്തിന്‍റെ പരിസരത്തുപോലും ഉണ്ടായിരുന്നില്ല. പൊലീസ് കാവലിലായിരുന്ന നഗരസഭയുടെ പരിസരത്ത് ബി.ജെ.പി നേതാക്കളും തമ്പടിച്ചിരുന്നു.

വി.എം. ജോണി നഗരസഭയിൽ വന്നെങ്കിലും കൗൺസിൽ ഹാളിലേക്ക് പ്രവേശിച്ചില്ല. ബൈപാസിലെ വഴിവിളക്ക് വിഷയം ഉന്നയിച്ചും ഭരണപക്ഷം ബി.ജെ.പിയുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നതായി ആരോപിച്ചുമായിരുന്നു അവിശ്വാസപ്രമേയം.

Tags:    
News Summary - Kodungallur Municipal Corporation: The second no-confidence motion brought by the BJP also failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.