ജിനേഷിന്റെ ഗാക് ഫ്രൂട്ട് കൃഷി

'സ്വർഗത്തിലെ കനി' പെരിഞ്ഞനത്തും

കയ്പമംഗലം: സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാക് ഫ്രൂട്ട് മട്ടുപ്പാവിൽ വിളയിച്ചിരിക്കുകയാണ് പെരിഞ്ഞനം കൊറ്റംകുളം സ്വദേശി തറയപ്പുറത്ത് ജിനേഷ്. 60ഓളം ഗാക് ഫ്രൂട്ടുകളാണ് വീടിന്‍റെ ടെറസിൽ വിളഞ്ഞുനിൽക്കുന്നത്.

വെൽഡറായ ജിനേഷ് ഒമ്പത് മാസം മുമ്പാണ് സമൂഹ മാധ്യമങ്ങളിലൂടെ ഗാക് ഫ്രൂട്ടിനെ കുറിച്ച് അറിയുന്നത്. തുടർന്ന് അങ്കമാലി സ്വദേശി ജോജോയുടെ കൈയിൽനിന്നു 300 രൂപക്ക് ആറ് വിത്തുകൾ വാങ്ങി നട്ടുപിടിപ്പിച്ചു. ചാണകപ്പൊടിയും ആട്ടിൻ കാഷ്ഠവും മൂത്രവുമാണ് വളമായി നൽകിയത്. പൂവിട്ട് കഴിഞ്ഞാൽ കൈകൾ കൊണ്ട് പരാഗണം നടത്തിയാലെ കായ് ഫലം ഉണ്ടാകൂ എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഏഴ് മാസം കഴിഞ്ഞപ്പോഴാണ് ജിനേഷിന്‍റെ ഗാക് ഫ്രൂട്ട് കൃഷി കായ്ച്ചത്. പഴം പഴുക്കുന്നത് വരെ നാല് നിറങ്ങളിൽ ഗാക് ഫ്രൂട്ടിനെ കാണാൻ കഴിയും.

വിയറ്റ്‌നാം സ്വദേശിയായ ഗാക് ഫ്രൂട്ട് കേരളത്തിലേക്കെത്തിയിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഗാക് ഫ്രൂട്ട് കൃഷി ചെയ്യുന്നവർ വിരളമാണ്. ഒരു കിലോ ഗാക് ഫ്രൂട്ടിന് 1000 മുതൽ 1500 രൂപ വരെയാണ് വിപണിവില. ഒരു പഴം ഏകദേശം ഒരു കിലോ തൂക്കം വരും. വൈറ്റമിൻ സിയുടെ കലവറയായ ഗാക് ഫ്രൂട്ട് പഴമായും പച്ചക്കറിയായും ഉപയോഗിക്കാം.

വലിയ ഒരു പഴത്തിൽനിന്നു 16 മുതൽ 20 വരെ വിത്തുകൾ ലഭിക്കും. പാഷൻ ഫ്രൂട്ടിനോട് സാദ്യശ്യമുള്ള വള്ളിച്ചെടിയാണ് ഗാക്. കീടരോഗ ബാധയില്ലെന്നതും പരിചരണം ലളിതമാണെന്നതുമാണ് ഇതിനെ ആകർഷകമാക്കുന്നത്. വിപുലമായ രീതിയിൽ ഗാക് ഫ്രൂട്ട് കൃഷിയുമായി മുന്നോട്ടുപോകാനാണ് ജിനേഷിന്‍റെ തീരുമാനം.

Tags:    
News Summary - Gak Fruit Cultivation by Jinesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.