കു​ട്ട​ഞ്ചേ​രി പ​റ​ക്കു​ന്നി​ൽ മ​ണ്ണെ​ടു​പ്പി​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ

പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​ക്ക​ൽ

പറക്കുന്നിലെ മണ്ണെടുപ്പ്; പ്രതിഷേധവുമായി നാട്ടുകാർ

എരുമപ്പെട്ടി: പഞ്ചായത്തിലെ കുട്ടഞ്ചേരി പറക്കുന്നിൽ മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധ സമരം ആരംഭിച്ചു. നാട്ടുകാർ രൂപവത്കരിച്ച ആക്ഷൻ കൗൺസിൽ നേതൃത്വത്തിലാണ് സമരമാരംഭിച്ചത്. സമരത്തിന് മുന്നോടിയായി പ്രതിഷേധ ജ്വാല തെളിയിക്കുന്നതിൽ മൂന്നൂറോളം പേർ പങ്കെടുത്തു. കുന്നംകുളം താലൂക്കിൽ നെല്ലുവായ് വില്ലേജിൽ പാവറട്ടി സ്വദേശി ഫാത്തിമ അബ്ദുൽ അസീസിന്റെ ഉടമസ്ഥതയിലുള്ള പത്ത് ഏക്കർ സ്ഥലത്താണ് വൻതോതിൽ മണ്ണെടുക്കാൻ നീക്കം.

ദുരന്ത ബാധിത പ്രദേശമായ ഇവിടെ ദേശീയ പാത നിർമാണത്തിനെന്ന പേരിലാണ് കുന്നിടിച്ചുള്ള മണ്ണെടുപ്പിന് ശ്രമം. കഴിഞ്ഞ പ്രളയകാലത്ത് പറക്കുന്നിനോട് ചേർന്നുള്ള പാലപ്പെട്ടി കുന്നിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും മലവെള്ളപാച്ചിലും അനുഭവപ്പെട്ടിരുന്നു. ഇതേതുടർന്ന് പ്രദേശവാസികളെ രണ്ടാഴ്ചയോളം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.

പരിസ്ഥിതിലോല പ്രദേശമായതിനാൽ ശക്തമായ മഴ സാഹചര്യങ്ങളിൽ പ്രദേശത്ത് നിന്ന് മാറി താമസിക്കണമെന്ന് ജിയോളജി, റവന്യൂ വകുപ്പുകൾ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു വർഷം മുമ്പ് പറക്കുന്നിൽ നിന്ന് സ്കൂൾ നിർമിക്കാനെന്ന വ്യാജേന മണ്ണെടുക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി നിർത്തിവെപ്പിക്കുകയും ചെയ്തു.

കുന്നിൻ ചെരുവിൽ അഞ്ഞൂറോളം കുടുംബങ്ങൾ വീട് വെച്ച് താമസിക്കുന്നുണ്ട്. 250 കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളും ഇവിടെയുണ്ട്. പ്രദേശമുൾപ്പെടുന്ന എരുമപ്പെട്ടി പഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭയിൽ മണ്ണെടുപ്പിനെതിരെ പ്രമേയം പാസാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിവേദനം നൽകിയിരുന്നു. ദേശീയ പാതക്കെന്ന് പറഞ്ഞുള്ള മണ്ണെടുപ്പിന് ജിയോളജി, വില്ലേജ് അധികൃതർ സർവേ നടത്തി അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതിഷേധ സമരത്തിന് വാർഡംഗം സ്വപ്ന പ്രദീപ്, ബ്ലോക്ക് അംഗം ഡോ. വി.സി. ബിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്. വകുപ്പ് മന്ത്രി, എം.എൽ.എ, ജില്ല കലക്ടർ എന്നിവർക്കും ജിയോളജി, റവന്യൂ വകുപ്പുകൾക്കും ജനപ്രതിനിധികളും പഞ്ചായത്തും ആക്ഷൻ കൗൺസിലും പരാതി നൽകിയിട്ടുണ്ട്. വിഷയം ജനങ്ങളുടെ അഭിപ്രായം തേടണമെന്നാണ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്.

രക്ഷാധികാരി വി.സി. ബിനോജ്, പ്രസിഡന്റ് അനന്തൻ വടകൂട്ട്, സെക്രട്ടറി പ്രസാദ് രാജ്, ഭാരവാഹികളായ വി.ബി. ജയേഷ്, കെ.ആർ. രാധാകൃഷ്ണൻ, കെ.എസ്. ശിവപ്രകാശ്, കെ.ആർ. പ്രദീപ് രാജ്, കെ.എസ്. വിമലഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - soil excavation-Local residents protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.