കുണ്ടുകടവിലെ ചിറ നിറഞ്ഞു; മങ്ങാട്ടുപാടത്തെ 20 ഹെക്ടര്‍ നെല്‍കൃഷി വെള്ളത്തിലായി

ചിറ നിറഞ്ഞു; മങ്ങാട്ടുപാടത്തെ 20 ഹെക്ടര്‍ നെല്‍കൃഷി വെള്ളത്തിൽ കൃഷി നശിക്കുമെന്ന്​ ആശങ്ക ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ കുണ്ടുകടവിലെ താല്‍ക്കാലിക ചിറയില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് മങ്ങാട്ടുപാടത്തെ നെല്‍കൃഷി വെള്ളത്തിലായി. വെള്ളം വാര്‍ന്നുപോകാതെ കൃഷി നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കുറുമാലി പുഴയിലെ കുണ്ടുകടവിൽ നിര്‍മിച്ചിരിക്കുന്ന ചിറയില്‍ ക്രമാതീതമായി വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് പുഴയില്‍ ചിറക്ക് മുമ്പുള്ള കാനത്തോട് വഴിയാണ് വെള്ളം സമീപത്തെ പാടത്തേക്ക് എത്തിയത്. വരന്തരപ്പിള്ളി, പുതുക്കാട് പഞ്ചായത്തുകളില്‍പ്പെട്ട പാടശേഖരമാണ് മങ്ങാട്ടുപാടം. കൊയ്യാറായതും കതിരുവന്നുതുടങ്ങിയതുമായ നെല്‍ചെടികള്‍ വെള്ളത്തില്‍ മുങ്ങി നില്‍ക്കുകയാണ്. ചിമ്മിനി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം എത്തിയതാണ് വെള്ളക്കെട്ടുണ്ടാക്കിയത്. താല്‍ക്കാലിക ചിറയില്‍ അധികമായി നിറയുന്ന വെള്ളം ചിറക്കുതാഴെ പുഴയിലേക്ക് ഒഴുകുന്നതിനുള്ള പുറം കഴയ്ക്ക് (ചിറയോട് ചേര്‍ന്ന് പുഴക്ക് സമാന്തരമായ തോടിന്) വീതി കുറവായതിനാല്‍ ജലനിരപ്പ് ഉയരുകയായിരുന്നു. ചിമ്മിനി ഡാമില്‍ നിന്ന് ജില്ലയിലെ കോള്‍ പാടങ്ങളിലേക്കാണ് അധികജലം തുറന്നുവിട്ടിരിക്കുന്നത്. ചിറയോട് ചേര്‍ന്നുള്ള തോടിന്റെ വീതി വര്‍ധിപ്പിച്ചാല്‍ ചിറയില്‍ അധികമായി നിറയുന്ന വെള്ളം ഈ തോട് വഴി ചിറക്കുതാഴെ പുഴയിലേക്ക് ഒഴുക്കാനാവുമെന്ന് കര്‍ഷകര്‍ പറഞ്ഞു. അതേസമയം, മങ്ങാട്ടുപാടത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടുത്ത ദിവസം നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് പറഞ്ഞു. വേനലില്‍ കുറുമാലി പുഴയിലെ ജലലഭ്യത ഉറപ്പുവരുത്തുന്നതിന്​ ആറിടങ്ങളിലാണ്​ ജലസേചന വകുപ്പ് താല്‍ക്കാലിക മണ്‍ചിറകള്‍ നിര്‍മിച്ചിട്ടുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.