ഇരിങ്ങാലക്കുട: പേരും പെരുമയും ഉണ്ടെങ്കിലും 98 വര്‍ഷം പഴക്കമുള്ള ഇരിങ്ങാലക്കുട സര്‍ക്കാര്‍ മൃഗാശുപത്രി സ്ഥലസൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്നു. ചാലക്കുടി റോഡില്‍ താലൂക്ക് ആശുപത്രിക്ക് സമീപമാണ് മൃഗാശുപത്രി സ്ഥിതി ചെയ്യുന്നത്. ഇരിങ്ങാലക്കുട നഗരസഭക്കു കീഴിലുള്ള ആശുപത്രി വലിയ കോമ്പൗണ്ടില്‍ പഴയ ഒരു കെട്ടിടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കോമ്പൗണ്ടില്‍ ഒരു ഭാഗത്ത് ഇറിഗേഷന്‍ ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ എട്ടു ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. ദിവസവും നൂറിലേറെ മൃഗങ്ങളെ ചികിത്സക്കായി ഇവിടെ കൊണ്ടുവരുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഓമനമൃഗങ്ങളെ വളര്‍ത്തുന്ന പ്രവണത കൂടുതലായതാണ് ഇപ്പോള്‍ കേസുകള്‍ വര്‍ധിക്കാന്‍ കാരണം. വരാന്തയിലെ മേശപ്പുറത്താണ് മൃഗങ്ങളെ പരിശോധിക്കുന്നതും മുറിവും മറ്റും തുന്നിക്കെട്ടുന്നതും. പഴക്കംചെന്ന ഒരു സ്കാനിങ് മെഷീന്‍ ആശുപത്രിയിലുണ്ടെങ്കിലും അതു പ്രവര്‍ത്തിക്കുന്നില്ല. സൗകര്യങ്ങളുടെ അപര്യാപ്തതമൂലം പലപ്പോഴും മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന അവസ്ഥയാണ്. ഇതിനൊരു മാറ്റമുണ്ടാകണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങളടക്കം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിനായി പഴക്കംചെന്ന കെട്ടിടം പൊളിച്ചു പിറകിലേക്കു നീക്കി എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള വലിയ കെട്ടിടം നിര്‍മിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനുള്ള നീക്കത്തിലാണ് ആശുപത്രി അധികൃതര്‍. നൂറുവര്‍ഷം തികയുന്നതിനു മുമ്പായി പുതിയ കെട്ടിടം നിര്‍മിക്കണമെന്നാണ് ആഗ്രഹമെന്ന് സീനിയര്‍ വെറ്ററിനറി ഡോക്ടര്‍ ബാബുരാജ് പറഞ്ഞു. കെട്ടിടം നിര്‍മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, അതുകൊണ്ടുമാത്രം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാകില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. കിടത്തിചികിത്സ, ശസ്ത്രക്രിയ, ലാബ് എന്നിവയെല്ലാം പുതിയ കെട്ടിടത്തില്‍ സജ്ജമാക്കണമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റില്‍ പലപ്പോഴും അര്‍ഹമായ പരിഗണന ഇരിങ്ങാലക്കുട മൃഗാശുപത്രിക്ക് കിട്ടാറില്ല എന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.