പരിയാരത്ത് വിമതന്മാരുടെ പൂരം

ചാലക്കുടി: പരിയാരത്ത് ഇരുപക്ഷത്തും വിമതന്മാരുടെ പൂരം. ഗ്രാമപഞ്ചായത്ത്​ വാര്‍ഡുകളിലും ഇവിടെനിന്നുള്ള ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ഡിവിഷനിലേക്കുള്ള യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും വിമതന്മാരുണ്ട്. ഘടകകക്ഷികളിലും വിമതരുണ്ട്. മുന്നണികള്‍ സീറ്റുവിഭജനം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും സീറ്റുകിട്ടാത്തവരും മറ്റ് വാര്‍ഡുകളിലേക്കുള്ള സമ്മര്‍ദതന്ത്രത്തി​ൻെറ ഭാഗമായുമാണ് വിമതര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആകെ 15 വാര്‍ഡുകളാണ് പരിയാരത്ത്. കോണ്‍ഗ്രസില്‍ എ-ഐ തര്‍ക്കം രൂക്ഷമായുള്ള ഇവിടെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ പരസ്പരം വിമതരെ നിര്‍ത്തിയിട്ടുണ്ട്. ഇടതുമുന്നണിയില്‍ 10 സീറ്റ് സി.പി.എമ്മിനും അഞ്ചു സീറ്റ് സി.പി.ഐക്കുമാണ് ധാരണയായിട്ടുള്ളത്. എന്നാല്‍, ഇതിനിടെ മുന്നണിയിലേക്ക് എല്‍.ജെ.ഡി വന്നതോടെ ഇരുവരും ഓരോ സീറ്റുകള്‍ വിട്ടുകൊടുത്തു. എല്‍.ജെ.ഡിയുടെ മേഖലയായ ഇവിടെ കിട്ടിയ വാര്‍ഡിലും അവര്‍ക്കും വിമതരുണ്ട്. ഇടതും വലതും മുന്നണികള്‍ മാറിമാറി ഭരിച്ച ഗ്രാമപഞ്ചായത്താണ് പരിയാരം. മുമ്പ് എല്‍.ഡി.എഫ് ഭരണം കൈയാളിയ പരിയാരം പഞ്ചായത്ത് 2010ലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ യു.ഡി.എഫി​ൻെറ കൈവശമെത്തുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ 2015ലെ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയുടെ മലയോരമേഖലയില്‍ പൊതുവേ ഇടതുപക്ഷത്തിന് അനുകൂലമായ കാറ്റ് വീശിയതോടെ ഭരണം എല്‍.ഡി.എഫിന് ലഭിക്കുകയായിരുന്നു. പുതിയ തെരഞ്ഞെടുപ്പ് വന്നതോടെ വീണ്ടും ഇരുമുന്നണികളിലും ഉറങ്ങിക്കിടന്ന ഗ്രൂപ്പുവഴക്ക് വീണ്ടും സജീവമായി വിമതരെ സൃഷ്​ടിച്ചിരിക്കുകയാണ്. ചിലതിന് മുതിര്‍ന്ന നേതാക്കളുടെ മൗനമായ അനുമതിയുമുണ്ട്. മുന്നണികളിലെ വിമതരെ പിന്‍വലിച്ച് മത്സരരംഗത്ത് വിജയം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് പ്രവര്‍ത്തകര്‍ കഴിഞ്ഞ കുറച്ചുദിവസമായി ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.