പതിനാറിനം പഴം-പച്ചക്കറികൾക്ക് സംസ്ഥാനത്ത്​ തറവിലയായി

കൃഷിയെ മാത്രം ആശ്രയിക്കുന്നവർക്ക് കരുത്താകും -മുഖ്യമന്ത്രി തൃശൂർ: വർഷങ്ങളായി കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് കരുത്തുപകരാനാണ് സർക്കാർ പഴം-പച്ചക്കറികൾക്ക് തറവില നിശ്ചയിച്ചുള്ള കരുതൽ നടപടി സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്താദ്യമായി സംസ്ഥാനത്ത്​ 16 ഇനം പഴം-പച്ചക്കറികളുടെ അടിസ്ഥാനവില പ്രഖ്യാപനവും ഇവയുടെ സംഭരണകേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്താകെ കർഷകരിൽ അംസ്തൃപ്തി ഉയരുന്ന ഘട്ടത്തിലാണ് ആദ്യമായി ഒരു സംസ്ഥാനം പച്ചക്കറി ഉൽപാദകർക്കായി ഈ വിധത്തിൽ ആശ്വാസനടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മരച്ചീനി, നേന്ത്രക്കായ, വയനാടൻ നേന്ത്ര, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ബീൻസ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നീ ഇനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തറവില നിശ്ചയിക്കുന്നത്. ഓരോ വിളകളുടെയും ഉൽപാദന ചെലവിനൊപ്പം 20 ശതമാനം തുക അധികമായി ചേർത്താണ് അടിസ്ഥാനവില നിർണയം. പച്ചക്കറികൾക്ക് നിശ്ചിതവിലയെക്കാൾ കുറഞ്ഞവില വിപണിയിൽ ഉണ്ടാവുകയാണെങ്കിൽ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കർഷകന്​ അക്കൗണ്ടിലേക്ക് നൽകും. ഉൽപന്നത്തി​ൻെറ ഗുണനിലവാരം ഉറപ്പുവരുത്തും. സംഭരണ പ്രക്രിയയിൽതന്നെ ഉൽപന്നങ്ങൾക്ക് ഗ്രേഡ് നിശ്ചയിക്കും. കാലാകാലങ്ങളിൽ തറവില പുതുക്കാനുള്ള വ്യവസ്ഥയുമുണ്ടാകും. പ്രാദേശിക ഭക്ഷ്യോൽപാദനത്തിൽ തീരുമാനം എടുക്കുന്നതും കാർഷിക പദ്ധതികൾ തീരുമാനിക്കുന്നതും അതത് തദ്ദേശ സ്ഥാപനങ്ങളാണ്. ഒരു കർഷകന് ഒരു സീസണിൽ പരമാവധി 15 ഏക്കറിലാണ് ആനുകൂല്യം ലഭിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. തൃശൂർ ജില്ല ആസൂത്രണ ഹാളിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. അടിസ്ഥാനവില പ്രഖ്യാപനത്തി​ൻെറ ഭാഗമായുള്ള ആദ്യ സംഭരണം വയനാട് കൽപറ്റയിൽ നേന്ത്രക്കായ സംഭരിച്ച വാഹനം ഫ്ലാഗ്ഓഫ് ​െചയ്​ത്​ സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കാർഷികോൽപാദന കമീഷണർ ഇഷിത റോയ്, തദ്ദേശഭരണ വകുപ്പ് ഡയറക്ടർ പി.കെ. ജയശ്രീ എന്നിവർ പദ്ധതി വിശദീകരിച്ചു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, തദ്ദേശ മന്ത്രി എ.സി. മൊയ്തീൻ, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പൊതുവിദ്യാഭ്യാസ മന്ത്രി ​പ്രഫ. സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, മേയർ അജിത ജയരാജൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ മേരി തോമസ്, സഹകരണ സെക്രട്ടറി മിനി ആൻറണി, കൃഷി ഡയറക്ടർ ഡോ. കെ. വാസുകി, കൃഷി അഡീഷനൽ ഡയറക്ടർ മധു ജോർജ് മത്തായി തുടങ്ങിയവർ പങ്കെടുത്തു. tcgpinarayi vijayan 2 പഴം-പച്ചക്കറികളുടെ തറവില പ്രഖ്യാപനവും സംഭരണ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.