കൃഷി നാശം: കോടാലി പാടശേഖരത്തിലെ പകുതിയോളം കര്‍ഷകര്‍ വിരിപ്പുകൃഷി ഉപേക്ഷിച്ചു

കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി പാടശേഖര സമിതിക്കുകീഴിലെ പകുതിയിലേറെ കര്‍ഷകര്‍ ഇത്തവണ ഒന്നാം വിളയായ വിരിപ്പുകൃഷി ഇറക്കുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലുണ്ടായ കൃഷി നാശമാണ് കര്‍ഷകരെ വിരിപ്പുകൃഷിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതരാക്കിയത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി മുടങ്ങാതെ വിരിപ്പും മുണ്ടകനും ഇറക്കുന്ന പാടശേഖരമാണ് കോടാലി പാടം. 2018ലും 19ലും ഉണ്ടായ പ്രളയത്തില്‍ ഈ പാടശേഖരത്തിലെ വിരിപ്പുകൃഷി പൂര്‍ണമായും നശിച്ചിരുന്നു. പാടത്തിൻെറ അതിരിലൂടെ ഒഴുകുന്ന വെള്ളിക്കുളം വലിയ തോട് മഴയില്‍ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ദിവസങ്ങളോളം പാടശേഖരം വെള്ളത്തിനടിയിലായതാണ് കൃഷി പൂര്‍ണമായും നശിക്കാനിടവന്നത്. കനത്ത നഷ്​ടമാണ് ഇതുമൂലം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ കര്‍ഷകര്‍ക്കുണ്ടായത്. ഇത്തവണയും സമാനരീതിയിലുള്ള നാശം നേരിടേണ്ടിവരുമെന്ന് ആശങ്കയുള്ളതിനാലാണ് ഭാഗ്യ പരീക്ഷണത്തിനൊരുങ്ങാന്‍ നില്‍ക്കാതെ ഭൂരിഭാഗം കര്‍ഷകരും കൃഷിയില്‍നിന്ന് പിന്തിരിഞ്ഞിട്ടുള്ളതെന്ന് പാടശേഖര സമിതി പ്രസിഡൻറ് തോമസ് ഇഞ്ചക്കുഴി പറഞ്ഞു. 65 ഹെക്ടറിലേറെ വരുന്ന പാടത്തിൻെറ കിഴക്കേ കോണിലുള്ള 15 ഹെക്ടര്‍ നിലത്തില്‍ മാത്രമാണ് ഇത്തവണ വിരിപ്പ് ഇറക്കുന്നത്. ഇതിനായി നിലമൊരുക്കുന്ന പണികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ കൃഷിയിറക്കാത്ത നാല്‍പ്പതേക്കറോളം നിലത്തില്‍ മഴക്കുശേഷം പതിവിലും നേരത്തേ മുണ്ടകന്‍ കൃഷി ഇറക്കാനാണ് കര്‍ഷകരുടെ തീരുമാനം. kodaly padasekharam tharisu kidakkunnu ഒന്നാംവിളയായ വിരിപ്പുകൃഷിയിറക്കാതെ തരിശുകിടക്കുന്ന കോടാലി പാടശേഖരം. അരനൂറ്റാണ്ട് ചരിത്രത്തില്‍ ആദ്യമായാണ് ഇവിടെ വിരിപ്പുകൃഷി ചെയ്യാതിരിക്കുന്നത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.