അപകടത്തിൽ കേസെടുത്തില്ല: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

മേത്തല: കൊടുങ്ങല്ലൂർ ചേരമാൻ മസ്​ജിദിന്​ സമീപം ഗുഡ്സ് ഓട്ടോയും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച്​ യാത്രക്കാരന്​ ഗുരുതര പരിക്കേറ്റിട്ടും കേസ് രജിസ്​റ്റർ ചെയ്യാത്ത പൊലീസ് നടപടി അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്​. ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. ആരോപണ വിധേയനായ കൊടുങ്ങല്ലൂർ സ്​റ്റേഷൻ ഹൗസ് ഓഫിസർ തനിക്ക് പറയാനുള്ള കാര്യങ്ങൾ എഴുതി സമർപ്പിക്കണം. പരിക്കേറ്റ മോട്ടോർ സൈക്കിൾ യാത്രികൻ ചേർത്തല മരുതോർവട്ടം സ്വദേശി അജീഷ് ആൻറണിക്ക് വേണ്ടി ജോസി തോമസ് സമർപ്പിച്ച പരാതിയിലാണ് നടപടി. മേയ് 31നായിരുന്നു അപകടം. പരിക്കേറ്റ അജീഷിനെ ആദ്യം കൊടുങ്ങല്ലൂരിലും പിന്നീട് എറണാകുളത്തും ചികിത്സിച്ചു. ആശുപത്രി അധികൃതർ അപകടവിവരം അറിയിച്ചെങ്കിലും പൊലീസ്​ ഒരു നടപടിയും എടുത്തില്ലെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ജൂൺ 11ന് ജോസി തോമസ് കൊടുങ്ങല്ലൂർ പൊലീസ് സ്​റ്റേഷനിലെത്തി പരാതി നൽകിയിട്ടും നടപടിയെടുത്തില്ല​. പരാതിക്ക് നോട്ടീസ് നൽകാൻ പോലും സ്​റ്റേഷൻ അധികൃതർ തയാറായില്ലെന്നും പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.