കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം അക്കരകാലാപടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. അക്കരകാലാപടി ചെറിയാൻ വർഗീസ്, തുമരപറമ്പിൽ വിജയൻ, സഹദേവൻ, സുഗതൻ മുതിയാമണ്ണിൽ, ഇടത്തറയിൽ ജോർജ് വർഗീസ് എന്നിവരുടെ കൃഷിയാണ് കാട്ടാന നശിപ്പിച്ചത്.
വാഴ, മങ്കോസ്റ്റിൻ, കമുക്, കാപ്പി, തെങ്ങ്, റബർ, കപ്പ, ആഞ്ഞിലി, മഹാഗണി തുടങ്ങിയവ നശിപ്പിച്ചു. കുലച്ചതും കുലക്കാത്തതുമായ വാഴകൾ നശിപ്പിച്ചു. രാത്രി ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന ഏക്കർ കണക്കിന് കൃഷിഭൂമിയിലെ വിളകൾ നശിപ്പിച്ചു. ശബ്ദം കേട്ടു വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് വിവരം അറിയുന്നത്. കൃഷിയിടത്തിലെ മൺതിട്ടകൾ അടക്കം ആന ചവിട്ടി ഇളക്കി കളഞ്ഞു. വൻ തുക ബാങ്ക് വായ്പ എടുത്താണ് പലരും കൃഷി ഇറക്കിയിരുന്നത്. വിളവെടുപ്പിന് പാകമായ വാഴക്കുലകൾ അടക്കം നശിപ്പിക്കപ്പെട്ടതോടെ വായ്പ എങ്ങനെ തിരിച്ചടക്കും എന്ന ആശങ്കയിലാണ് കർഷകർ.
കാട്ടാനയെ കൂടാതെ കുരങ്ങും മയിലും അടക്കം കർഷകർക്ക് വിനയാകുന്നുണ്ട്. വനാതിർത്തികളിൽ സൗരോർജ വേലികൾ ഇല്ലാതെ വന്നതും കാട്ടാന ശല്യം വർധിക്കാൻ കാരണമായി. അരുവാപ്പുലം, കല്ലേലി ഭാഗത്ത് കാലങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അക്കരകാലാപടിയിൽ ജനവാസ മേഖലയിൽ കാട്ടാന എത്തിയതോടെ വീടുകൾക്കും ഭീഷണിയായി മാറി. കാട്ടാന വീട് ആക്രമിക്കുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.