കോന്നി: തേക്കുതോട് മൂർത്തിമൺ സ്വദേശി സുജിത്തിന്റെ തിരോധാനത്തിൽ തണ്ണിത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മാതാപിതാക്കളായ തേക്കുതോട് മൂർത്തിമൺ പുതുവേലിമുരുപ്പേൽ വാസു-ശോഭന ദമ്പതികളുടെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്. വർഷങ്ങളായി തെലങ്കാനയിലെ നിസാമാബാദ് എന്ന സ്ഥലത്ത് ആലുക്കാസ് ജ്വല്ലറിയിൽ ജോലി ചെയ്തുവരികയായിരുന്നു സുജിത്ത്.
മാർച്ച് 23ന് ജോലിയിൽനിന്ന് അവധി എടുത്തശേഷം വീട്ടിലേക്ക് വരികയാണെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ എത്തി ടിക്കറ്റ് എടുത്തശേഷം വീണ്ടും വീട്ടിലേക്ക് വിളിച്ച് ഇവിടെ ഒരു കാർണിവൽ നടക്കുന്നുണ്ട് എന്നും ഇത് കണ്ടതിന് ശേഷമേ മടങ്ങി വരൂ എന്ന് അറിയിക്കുകയും ചെയ്തിരുന്നു.
റാണാ പഥാ എന്നയാളുടെ ഫോണിൽനിന്നാണ് ഈ വിവരം വിളിച്ച് അറിയിച്ചത്. എന്നാൽ, പിന്നീട് സുജിത്തിന്റെ ഫോണിലേക്കും വീട്ടുകാരെ വിളിച്ച ഫോണിലേക്കും വീട്ടുകാർക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ തണ്ണിത്തോട് പൊലീസിൽ ആദ്യ ഘട്ടത്തിൽ കുടുംബം പരാതി നൽകിയിരുന്നു.
എന്നാൽ, സംഭവം നടന്നത് തെലങ്കാനയിൽ ആയതിനാൽ വിഷയം കേരളപൊലീസ് അന്വേഷിക്കുന്നതിൽ പരിമിതികൾ ഉണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. പിന്നീട് സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.