കോന്നി: പൊലീസിനെതിരെ കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം. കെ.യു. ജനീഷ് കുമാർ എം.എൽ.എ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവരാണ് കോന്നി സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. കോന്നി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പരാതിക്കാരോടും പൊതുജനങ്ങളോടും പരുഷമായി പെരുമാറുന്നെന്നും ഇത് നിയന്ത്രിക്കുവാൻ ഉന്നത അധികാരികൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും എം.എൽ.എ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കള്ളന്മാരുടെ ശല്യം വർധിക്കുകയും കോന്നി, അരുവാപ്പുലം പഞ്ചായത്തുകളിൽ മോഷണങ്ങൾ വർധിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ, മോഷ്ടാക്കളെ പിടികൂടുന്നതിൽ നടപടി സ്വീകരിക്കുന്നില്ല. ജാഗ്രത സമിതികൾ രൂപവത്കരിച്ച് മോഷ്ടാക്കളെ കുടുക്കുവാനുള്ള നടപടി ഉണ്ടാകണമെന്നും ഈ പ്രദേശങ്ങൾ ജില്ല പൊലീസ് മേധാവി നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൂടാതെ കലഞ്ഞൂർ പഞ്ചായത്തിലെ രണ്ടിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് കൂട് സ്ഥാപിക്കണം എന്നും ആവശ്യമുയർന്നു.
അരുവാപ്പുലം പഞ്ചായത്തിൽ ഉൾപ്പെടുന്ന കൊല്ലൻപടിയിൽ കഴിഞ്ഞദിവസമാണ് മൂടിയില്ലാത്ത ഓടയിൽവീണ് വൃദ്ധന് ഗുരുതര പരിക്കേറ്റത്.ഈ ഭാഗത്ത് അടിയന്തരമായി സ്ളാബുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. മലയാലപ്പുഴ പഞ്ചായത്തിലെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന് പ്രസിഡന്റ് ഷീലകുമാരി ചാങ്ങയിൽ ആവശ്യപ്പെട്ടു. എം.എൽ.എ അധ്യക്ഷതവഹിച്ചു.ഡെപ്യൂട്ടി കലക്ടർ ജേക്കബ് ജോർജ്, തഹൽസിദാർ ബിനു രാജ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.