പത്തനംതിട്ട: ലോകത്തുതന്നെ കൂടുതൽ വീടുകൾ അടഞ്ഞുകിടക്കുന്ന ജില്ലയായി പത്തനംതിട്ട മാറിയെന്നും സംരംഭകർ എത്തിയാലേ ഇതിന് മാറ്റം വരുത്താനാകൂ എന്നും വികസന സംവാദം. അടഞ്ഞുകിടക്കുന്ന വീടുകൾ തുറക്കാൻ പത്തനംതിട്ടയിൽ കൂടുതൽ ജോലി സാധ്യതകളെത്തണം.
ഇപ്പോൾ പത്തനംതിട്ടയിലെ ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കണമെങ്കിൽ എറ്റവും കുറഞ്ഞത് എറണാകുളത്തെങ്കിലും പോകേണ്ട സ്ഥിതിയാണ്. ഐ.ടി. മേഖലയിലടക്കം കൂടുതൽ സംരംഭങ്ങൾ ആരംഭിച്ച് ജില്ലയിലെ യുവതയെ ഇവിടെതന്നെ നിലനിർത്താനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടതെന്നും അഭിപ്രായമുയർന്നു. കേരള പത്ര പ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ‘മുന്നേറാം പത്തനംതിട്ടക്കൊപ്പം’ വികസന സംവാദത്തിലാണു ജില്ലയെ തൊട്ടറിഞ്ഞ ചർച്ച. ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു.
വിമാനത്താവളം ഇല്ലാതാക്കിയത് രാഷ്ട്രീയപ്രേരിത സമരം
പത്തനംതിട്ടക്ക് നഷ്ടപ്പെട്ടുപോയത് വികസന സംസ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ നിലനിർത്തുന്നതിൽ ജില്ലയിലെ പ്രവാസി സമൂഹം വഹിച്ച പങ്ക് വലുതാണ്. എന്നാൽ അതിനനുസരിച്ച് ജില്ലയിൽ മാറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അമിതമായ രാഷ്ട്രീയ അതിപ്രസരമാണ് ഒരു കാരണം. കേന്ദ്രത്തിലെ പ്രധാന വകുപ്പുകളുടെയെല്ലാം സെക്രട്ടറിമാർ മലയാളികളായിരുന്ന ഒരുകാലം ഉണ്ടായിരുന്നു. എന്നാൽ, അന്നും വേണ്ടത്ര നേട്ടം നമുക്ക് ഉണ്ടായിട്ടില്ല. ആറന്മുള വിമാനത്താവളം രാഷ്ട്രീയപ്രേരിതമായ സമരത്തിലൂടെയാണ് ഇല്ലാതായത്. എരുമേലിയിൽ വിമാനത്താവളം വന്നാലും സ്വാഗതം ചെയ്യും. റബർ വിലത്തകർച്ച കാർഷികമേഖലയുടെ നടുവൊടിച്ചതായും അദ്ദേഹം പറഞ്ഞു.
പമ്പ റെയിൽപാതയോടു യോജിപ്പില്ല
പമ്പയിലേക്ക് റെയിൽവേ പാത വരുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് മുൻ എം.എൽ.എ കെ. ശിവദാസൻ നായർ പറഞ്ഞു. ശബരിമല തീർഥാടകർ ചെങ്ങന്നൂരിൽ ട്രെയിൻ ഇറങ്ങിയശേഷം ആറന്മുള ക്ഷേത്രം വഴി പമ്പയിൽ എത്തുന്നതാണ് ക്ഷേത്രങ്ങളുടെയും നാടിന്‍റെയും വികസനത്തിന് നല്ലത്. നമ്മുടെ നദികൾ മുഴുവൻ മാലിന്യ വാഹിനിയായി മാറിയതായും അദ്ദേഹം പറഞ്ഞു. ആറന്മുളയിൽ വിമാനത്താവളം ഇല്ലാതാക്കാൻ എന്തെല്ലാം കോപ്രായങ്ങളാണ് ഇവിടെ കാണിച്ചത്. വികസനത്തിന് യോജിച്ച നിലപാടാണ് വേണ്ടത് . എന്നാൽ പരിസ്ഥിതി സംരക്ഷിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
വികസന ഫോറം വേണം
ജില്ലയിലെ എല്ലാ ജനപ്രതിനിധികളും ചേർന്ന് എം.പിയുടെ നേതൃത്വത്തിൽ വികസന ഫോറം രൂപീകരിക്കണമെന്ന് പത്തനംതിട്ട നഗരസഭ ചെയർപേഴ്സൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.
ലക്ഷ്യമിട്ടത് ഐ.ടി. വികസനം
ഐ.ടി മേഖലയുടെ വികസനംകൂടി ലക്ഷ്യമിട്ടാണ് ആറന്മുളയിൽ വിമാനത്താളത്തിന് ശ്രമിച്ചതെന്ന് മുൻ എം.എൽ.എ കെ.സി. രാജഗോപാൽ പറഞ്ഞു. അതിനെതിരെ അന്ന് സമരം നടത്തിയവർ തിരികെ കൊണ്ടുവരണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. പമ്പ വഴി ട്രെയിൻ വരുന്നതിനോട് തനിക്കും യോജിപ്പില്ല.
വാർത്തകളും അനുകൂലമാകണം
വികസനം വരുന്നതിന് അനൂകൂലമായി വാർത്തകളും ഉണ്ടാകണമെന്ന് പത്തനംതിട്ട നഗരസഭ മുൻ ചെയർമാൻ അഡ്വ. എ. സുരേഷ് കുമാർ പറഞ്ഞു. ആറന്മുളയിൽ വിമാനത്താവളം നടപ്പാകാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടഞ്ഞ വീടുകൾ ടൂറിസത്തിന് ഉപയോഗിക്കണം
ജില്ലയിലെ അടഞ്ഞുകിടക്കുന്ന വീടുകൾ ടൂറിസ്റ്റുകൾക്കായി പ്രയോജനപ്പെടുത്താൻ കഴിയുന്ന പദ്ധതികൾക്ക് രൂപം നൽകണമെന്ന് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ഡോ. സജി ചാക്കോ പറഞ്ഞു.
രാഷ്ട്രീയക്കാർ തടസ്സം
രാഷ്ട്രീയക്കാർ വികസനത്തിന് തടസ്സം നിൽക്കുന്നതായി കർഷകനായ അജയകുമാർ വല്യൂഴത്തിൽ കുറ്റപ്പെടുത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്‍റ് പ്രസാദ് ജോൺ മാമ്പ്ര, കേരള കോൺഗ്രസ് (എം)ജില്ല പ്രസിഡന്‍റ് സജി അലക്സ്, ഡി.ടി.പി.സി മുൻ സെക്രട്ടറി വർഗീസ് പുന്നൻ, മാത്തൂർ സുരേഷ്, ജെറി മാത്യൂ സാം തുടങ്ങിയവർ പങ്കെടുത്തു.
ആറന്മുളയിൽ ‘തർക്കമില്ല’
പത്തനംതിട്ട: വികസനസംവാദത്തിൽ ആറന്മുളയിൽ ‘ഒറ്റക്കെട്ട്’. സംസാരിച്ച ഭൂരിഭാഗവും നേതാക്കളും ആറന്മുള വിമാനത്താവളത്തിനൊപ്പമാണു നിന്നത്. വിമാനത്താവള പദ്ധതിക്കെതിരേ സമരം ചെയ്തവർ ഇപ്പോൾ നാടിനുണ്ടായ നഷ്ടമോർത്ത് വിലപിക്കുന്നുണ്ടെന്ന് ആന്‍റോ ആന്‍റണി എം.പി. പറഞ്ഞു. ഒന്നര വർഷത്തിനുള്ളിൽ മുഴുവൻ അനുമതിയും ലഭിച്ചത് റെക്കോർഡായിരുന്നു. സമരത്തിനുണ്ടായിരുന്ന പലരും ഇപ്പോൾ പദ്ധതി തിരികെ കൊണ്ടുവരാനാകുമോയെന്ന് ചോദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആറന്മുള വിമാനത്താവളം എന്ന പേരുതന്നെ പറയാൻ പേടിയാണെന്ന് മുൻ എം.എൽ.എ കെ. ശിവദാസൻ നായർ പറഞ്ഞു. പദ്ധതി വരുന്നുവെന്ന പേരിൽ എന്തെല്ലാം കോപ്രായങ്ങളാണ് നാട്ടിലുണ്ടായത്. മാധ്യമങ്ങളും അതിനു കുടപിടിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
പദ്ധതിയെ താൻ ഒരിക്കലും എതിർത്തിട്ടില്ലെന്ന് മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കെ.സി. രാജഗോപാൽ പറഞ്ഞു. പദ്ധതിക്ക് ആദ്യ അനുമതി നേടിയെടുത്തത് താൻ എം.എൽ.എ ആയിരുന്നപ്പോഴാണ്. ജനവികാരം എതിരാണെന്നു പറഞ്ഞാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ പദ്ധതിക്ക് എതിരാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളം നഷ്ടപ്പെടുത്തിയതോർത്ത് സമരരംഗത്തുണ്ടായിരുന്നവർ വിലപിക്കുന്ന കാലമായെന്ന് കേരള കോൺഗ്രസ്(എം) ജില്ല പ്രസിഡന്‍റ് സജി അലക്സ് പറഞ്ഞു.
ശബരിമലയിൽ തിരുപ്പതി മോഡൽ വികസനം വേണം -ചിറ്റയം
പത്തനംതിട്ട: തിരുപ്പതി മോഡൽ വികസനം ശബരിമലയിൽ നടപ്പാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഇതിനു വനംവകുപ്പ് സ്ഥലം വിട്ട് നൽകണം. ഇതിന് കേന്ദ്രത്തിൽനിന്ന് അനുകൂല സമീപനമുണ്ടാകണമെന്നും സംവാദത്തിൽ അദ്ദേഹം പറഞ്ഞു.
ആസിയാൻ കരാർ കാരണമാണ് റബർ വില ഇടിഞ്ഞത്. ഇതിൽനിന്നു കരകയറാൻ കേന്ദ്രസർക്കാർ ഇടപെടലാണ് ആവശ്യം. റബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് പറ്റിയ ജില്ലയാണ് പത്തനംതിട്ട. ഇത് പ്രയോജനപ്പെടുത്തണം. പിൽഗ്രിം ടൂറിസത്തിനും ഏറെ സാധ്യതയുണ്ട്. റോഡ്, റെയിൽവേ കണക്ടിവിറ്റിയും വികസനത്തിൽ നിർണായകമാണ്. ഇതിന് ജനങ്ങളുടെ സഹകരണവും ആവശ്യമാണ്.
പത്തനംതിട്ട ടൗൺ രാത്രി ആയാൽ വിജനമാകും. ടൗൺ സ്ക്വയർ കേന്ദ്രീകരിച്ച് സാംസ്കാരിക കേന്ദ്രമുണ്ടായാൽ ഏറെ മാറ്റങ്ങൾ ഉണ്ടാകും. ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും സാംസ്കാരിക സമുച്ചയങ്ങൾ ഉണ്ടാകണം. ഒരു ആർട്ട് ഗാലറിയും നിർമിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.