അടൂര്‍: കരിക്കിനേത്ത് സില്‍ക് ഗലേറിയ തൊഴിലാളികളെ അറിയിക്കാതെ അടച്ചുപൂട്ടി. തിങ്കളാഴ്ച രാവിലെ ജോലിക്ക് വന്നപ്പോഴാണ് കട പൂട്ടിക്കിടക്കുന്നത് കണ്ടതെന്ന് തൊഴിലാളികൾ പറയുന്നു. ശമ്പളം കിട്ടാനുണ്ടെന്നും ഇവർ പറയുന്നു. ഇതോടെ നൂറോളം തൊഴിലാളികള്‍ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ശനിയാഴ്ച രാത്രി കടയിലുണ്ടായിരുന്ന തുണിത്തരങ്ങളും മറ്റും മാറ്റിയതായും ആക്ഷേപമുണ്ട്. ജോസ് കരിക്കിനേത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് വസ്ത്രശാലയായ കരിക്കിനേത്ത് സില്‍ക് ഗലേറിയ. ജീവനക്കാർ പൊലീസുമായി ബന്ധപ്പെട്ട് ഉടമയുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. അനുകൂല്യം ലഭിക്കുംവരെ പ്രതിഷേധം തുടരാണ് ജീവനക്കാരുടെ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കരിക്കിനേത്ത് ഗ്രൂപ്. കൊലപാതകക്കേസിലും ഉടമകൾ പ്രതിയായതോടെ സഹോദരസ്ഥാപനങ്ങൾ നേരത്തേ അടച്ചുപൂട്ടിയിരുന്നു.
അടൂർ: അടച്ചുപൂട്ടിയ കരിക്കിനേത്ത് സില്‍ക് ഗലേറിയയിൽനിന്ന് ലഭിക്കാനുള്ളത് കോടികളെന്ന് വസ്ത്ര നിർമാണ-വിതരണ കമ്പനികൾ. മുംബൈ, ബംഗളൂരു, കോയമ്പത്തൂർ, സൂറത്ത്, അഹ്മദാബാദ് എന്നിവിടങ്ങളിലെ വിവിധ വസ്ത്രനിർമാണ യൂനിറ്റുകൾക്കും ഏജൻസികളുമാണ് പണം ലഭിക്കാനുള്ളത്. വിവിധ ബ്രാൻഡഡ് കമ്പനികൾക്കും പണം നഷ്ടമായിട്ടുണ്ട്. ഇതിനുപുറമെ, സംസ്ഥാനത്തെ വിവിധ ഏജൻസികൾക്കും പണം ലഭിക്കാനുണ്ട്.
മൊത്തം 30 കോടിയോളം രൂപ വിവിധ കമ്പനികൾക്കും ചെറുകിട യൂനിറ്റുകൾക്കുമായി ലഭിക്കാനുണ്ടെന്നാണ് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷന്റെ പ്രാഥമിക കണക്ക്. ഷർട്ട്, സാരി അടക്കമുള്ള നൽകിയശേഷം ഗഡുക്കളായിട്ടാണ് വസ്ത്രശാലകളിൽനിന്ന് പണം ഈടാക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ നൽകിയ വസ്ത്രങ്ങളുടെ തുകവരെ പലർക്കും കൂടിശ്ശികയുണ്ടായിരുന്നുവെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
കൃത്യമായ ആസൂത്രണത്തോടെയാണ് കട പൂട്ടിയത്. സംശയങ്ങൾക്കൊന്നും ഇടനൽകാതെ തന്ത്രപരമായിട്ടായിരുന്നു ഉടമ മുങ്ങിയത്. നിലവിലുള്ള സ്റ്റോക്ക് രണ്ട് കോടിയോളം രൂപക്ക് മറിച്ചുവിറ്റെന്ന സൂചനയുമുണ്ടെന്ന് ഇവർ പറഞ്ഞു. മറിച്ചുവിറ്റ സാധനങ്ങൾ കണ്ടെത്താൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഇവർ അടുത്ത ദിവസം പൊലീസിലും പരാതി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.