പത്തനംതിട്ട മണ്ണാറമലയിൽ ആകാശവാണി എഫ്.എം റിലേ സ്റ്റേഷനായി സജ്ജീകരിച്ച ആന്റിനയും ടവറും
പത്തനംതിട്ട: ആകാശവാണി എഫ്.എം പ്രക്ഷേപണം ആസ്വദിക്കാൻ പത്തനംതിട്ടയുടെ കാത്തിരിപ്പ് അനന്തമായി നീളുന്നു. നഗരത്തിനടുത്ത് മണ്ണാറമലയിൽനിന്ന് ഉടൻ പ്രക്ഷേപണം തുടങ്ങുമെന്ന് ഏപ്രിൽ മുതൽ അധികൃതർ പറയുന്നുണ്ട്. ഇപ്പോഴും പല്ലവി ആവർത്തിക്കുകയാണ്. ട്രാൻസ്മിറ്റർ എത്താൻ വൈകുന്നതാണ് പ്രക്ഷേപണം തുടങ്ങുന്നതിന് തടസ്സമാകുന്നത്. ഒരുമാസത്തിലേറെ ഇനിയും കാത്തിരിക്കേണ്ടി വരില്ലെന്നാണ് അധികൃതർ പറയുന്നത്.
മണ്ണാറമലയിലെ ദൂരദർശൻ റിലേ കേന്ദ്രമാണ് എഫ്.എം പ്രക്ഷേപണത്തിനായി തയാറാക്കിയത്. 101 എന്ന ഫ്രീക്വൻസി നമ്പറും അനുവദിച്ചിട്ടുണ്ട്. ആന്റിനകൾ സ്ഥാപിച്ചു. കെട്ടിട പുനരുദ്ധാരണവും പൂർത്തിയായി. എഫ്.എം ഫ്രീക്വൻസി അനുവദിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ ജോലികൾ പൂർത്തീകരിച്ച് വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടും മാസങ്ങളായി. ട്രാൻസ്മിറ്റർ എത്തിയാൽ ഒരാഴ്ചക്കകം പ്രക്ഷേപണം തുടങ്ങാനാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തിരുവനന്തപുരത്തുനിന്നോ ആലപ്പുഴയിൽനിന്നോ ഉള്ള പരിപാടികൾ റിലേ ചെയ്യുക മാത്രമാകും ഇവിടെ നിന്ന് ചെയ്യുക. ഇവിടെ പരിപാടികളുടെ നിർമാണം ഉണ്ടാകില്ല.
ഡൽഹിയിൽ ആകാശവാണിയുടെ എയർ പ്രോജക്ട് വിഭാഗമാണ് ട്രാൻസ്മിറ്റർ മണ്ണാറമലയിൽ എത്തിക്കേണ്ടത്. 100 വാട്ട് ട്രാൻസ്മിറ്ററാണ് എത്തിക്കുക. ഇത് പ്രവർത്തനസജ്ജമാകുന്നതോടെ 15 കിലോമീറ്റർ ആകാശദൂരത്തോളം പരിപാടികൾ നന്നായി ലഭിക്കും. മണ്ണാറമല പത്തനംതിട്ടയിലെ ഉയർന്ന പ്രദേശമായതിനാൽ വ്യക്തത അല്പം കുറഞ്ഞിട്ടായാലും 25 കിലോമീറ്റർ ചുറ്റളവിൽവരെ പരിപാടികൾ കേൾക്കാനാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഒരു കിലോവാട്ടിന്റെ ട്രാൻസ്മിറ്റർ ഇവിടെ സ്ഥാപിക്കുന്നതിനുള്ള നിർദേശവും ഉയർന്നിട്ടുണ്ട്. അത് സ്ഥാപിച്ചാൽ ജില്ലയിൽ മുഴുവൻ പരിപാടികൾ വ്യക്തതയോടെ ലഭിക്കും. ചലച്ചിത്രഗാനങ്ങൾക്കാണ് കൂടുതൽ ഊന്നൽ നൽകുന്നത് എന്നതാണ് എഫ്.എമ്മിനെ ആകർഷകമാക്കുന്നത്.നേരത്തേ അനന്തപുരി എഫ്.എം എന്ന പേരിലായിരുന്നു തിരുവനന്തപുരത്തുനിന്നുള്ള പ്രക്ഷേപണം. പിന്നീട് ഇത് മാറ്റി 'ആകാശവാണി വിവിധഭാരതി മലയാളം' എന്നാക്കിയിരുന്നു.
കൂടുതൽ വാർത്തകൾ, ഹിന്ദി പരിപാടികൾ, റിലേ പരിപാടികൾ തുടങ്ങിയവ ഉൾപ്പെടുത്തി. ചലച്ചിത്രഗാനങ്ങൾ കുറച്ച് ഹിന്ദി പരിപാടികളും മറ്റും ഉൾപ്പെടുത്തിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഊർജസ്വലമായിരുന്ന ചാനൻ ഇതോടെ പിന്നാക്കം പോയി. ജില്ലയിൽ തിരുവല്ലയിൽ റേഡിയോ മാക്ഫാസ്റ്റ് എന്ന പേരിൽ സ്വകാര്യ എഫ്.എം സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. 15 കിലോമീറ്ററോളം മാത്രമാണ് അതിന്റെയും റിലേ പരിധി. അതിനാൽ തിരുവല്ല മേഖലയിൽ മാത്രമാണ് അത് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.