5000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്​ തുടക്കം

ചരുവില്‍പ്പടി-നസ്രേത്ത് പള്ളിപ്പടി റോഡ് പുനര്‍നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു റാന്നി: സമൂഹത്തിലെ ഏതൊരു വെല്ലുവിളിയെയും ഏറ്റെടുക്കുന്ന സ്ഥാപനങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉയര്‍ന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 5000 ഗ്രാമീണ റോഡുകള്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിക്കുന്നതി​ൻെറ സംസ്ഥാനതല ഉദ്ഘാടനം റാന്നി-അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് നസ്രേത്ത് പള്ളി ഓഡിറ്റോറിയത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകള്‍ക്കായി ആവിഷ്‌കരിക്കുന്ന പദ്ധതിയാണിത്. 2018ലെയും 2019ലെയും പ്രളയത്തില്‍ തകര്‍ന്നതും തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. 11,000 കിലോമീറ്റര്‍ റോഡാണ് പുനരുദ്ധരിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1000 കോടി മുതല്‍മുടക്കുള്ള റോഡ് നവീകരണ പ്രവൃത്തി സുതാര്യമായി പൂര്‍ത്തിയാക്കും. നിര്‍മാണ പുരോഗതിയും ഗുണനിലവാരവും പരിശോധിക്കാന്‍ ജില്ലതലത്തില്‍ നിരീക്ഷണ സമിതികള്‍ക്കു രൂപംനല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും മേല്‍നോട്ടത്തിലാകും നിര്‍മാണം. പദ്ധതിയിലൂടെ പ്രാദേശികതലത്തില്‍ ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ ലഭിക്കും. നടക്കില്ല എന്നു കരുതിയ ഒട്ടേറെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പോലും നടക്കില്ല എന്നു കരുതിയ ഗെയില്‍ പൈപ്പ്‌ലൈന്‍ പൂര്‍ത്തിയായി. വികസനകാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ടുപോകുന്നത് ചിലര്‍ക്ക് മാനസിക പ്രയാസമുണ്ടാക്കുന്നത് സ്വാഭാവികമാണ്. ചില കുബുദ്ധികള്‍ തയാറാക്കുന്ന ഗൂഢ പദ്ധതികളുടെ ഭാഗമായി നേരിട്ട് ബോധ്യമുള്ള കാര്യങ്ങളെ അട്ടിമറിക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷതവഹിച്ചു. രാജു എബ്രഹാം എം.എൽ.എ, റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് ബി.സുരേഷ്, വൈസ് പ്രസിഡൻറ് ദീനാമ്മ സെബാസ്​റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത്​ അംഗം മേഴ്‌സി പാണ്ടിയത്ത്, പഞ്ചായത്ത് അംഗങ്ങളായ സിനി എബ്രഹാം, ഷിബു സാമുവേല്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (എല്‍.എസ്.ജി.ഡി) എം.ജി ഹരികുമാര്‍, നസ്രേത്ത് പള്ളി വികാരി ബെന്നി വി.എബ്രഹാം തുടങ്ങിയവര്‍ ജില്ലയില്‍​ പങ്കെടുത്തു. ptl_CM RANNI ROAD മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിക്കുന്നതി​ൻെറ സംസ്ഥാനതല ഉദ്ഘാടനം റാന്നി-അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട് നസ്രേത്ത് പള്ളി ഓഡിറ്റോറിയത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു. രാജു എബ്രഹാം എം.എൽ.എ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.