കോവിഡ് വാക്‌സിന്‍; ജില്ലയില്‍ ഒമ്പത്​ വിതരണ കേന്ദ്രങ്ങള്‍

പത്തനംതിട്ട: കോവിഡ് വാക്സിന്‍ വിതരണ ഉദ്ഘാടന ദിനമായ 16ന് ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ വാക്സിന്‍ വിതരണം ചെയ്യുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ അറിയിച്ചു. മുന്‍കൂട്ടി രജിസ്​റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ല ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, അയിരൂര്‍ ആയുര്‍വേദ ജില്ല ആശുപത്രി, കൊറ്റനാട് ഹോമിയോ ജില്ല ആശുപത്രി, തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് എന്നിവയാണ് ജില്ലയിലെ വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍. ഒരു കേന്ദ്രത്തില്‍ ഒരുദിവസം പരമാവധി 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഗവണ്‍മൻെറ്​, ആയുഷ്, സ്വകാര്യ മേഖലകളിലെ വിതരണകേന്ദ്രങ്ങള്‍ പൂര്‍ണസജ്ജമായി വരുന്നതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധനക്കായി മുന്നോട്ടുവരണം -ഡി.എം.ഒ പത്തനംതിട്ട: ജില്ലയില്‍ കോവിഡ്-19 വ്യാപനം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധനക്കായി സ്വയം മുന്നോട്ടുവരണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.എല്‍. ഷീജ അറിയിച്ചു. ദിവസേന നാനൂറിലധികം രോഗബാധിതര്‍ ഉണ്ടാകുന്ന സ്ഥിതിയാണ്​ നിലവിലുള്ളത്. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധനക്ക്​ തയാറാകാതെ വീട്ടിലും സമൂഹത്തിലും ഇടപെഴകുന്നത്​ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനുകാരണമാകും. ഗുരുതര രോഗലക്ഷണങ്ങളുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇത്തരക്കാരില്‍നിന്ന്​ രോഗബാധ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് രോഗനിര്‍ണയം നടത്തുന്നതിനും പരിശോധന ഫലം ലഭിക്കും വരെ ക്വാറൻറീനിലിരിക്കുന്നതിനും തയാറാകണമെന്നും ഡി.എം.ഒ പറഞ്ഞു. ശാരീരിക അകലം പാലിക്കല്‍, കൈകഴുകല്‍, മാസ്‌ക് ശരിയായി ഉപയോഗിക്കല്‍ തുടങ്ങിയ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ പലരും ശരിയായി പാലിക്കുന്നില്ല. രോഗവ്യാപനം തടയുന്നതിനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കുന്നതിനും ഉത്തരവാദിത്തത്തോടെയുള്ള സമീപനം എല്ലാവരുടെയും ഭാഗത്തുനിന്ന്​ ഉണ്ടാകണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.