ജനപ്രതിനിധികളുടെ ഇടപെടൽ; വീടിന്‍റെ ജപ്തിക്ക്​ സാവകാശം നൽകി ബാങ്ക്​

മുണ്ടക്കയം: വയോദമ്പതികൾ മാത്രം താമസിക്കുന്ന വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥരെത്തി. പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും എത്തിയതോടെ സാവകാശം നൽകി ഉദ്യോഗസ്ഥർ മടങ്ങി. കോരുത്തോട്, മടുക്ക പൊട്ടങ്കുളം ഭാഗത്ത് കൊല്ലമല സെബാസ്റ്റ്യന്‍ അപ്രേല്‍ (81), ഭാര്യ മറിയാമ്മ (70) എന്നിവർ താമസിക്കുന്ന വീടും പുരയിടവും ജപ്തി ചെയ്യാനാണ്​ ബാങ്ക് ഉദ്യോഗസ്ഥർ എത്തിയത്​. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് അത്തിക്കയം ശാഖ ഉദ്യോഗസ്ഥരും പൊലീസും മടുക്കയിലെ സെബാസ്റ്റ്യന്‍റെ വീട്ടിലെത്തി ജപ്തി ചെയ്യാന്‍ പോകുന്നുവെന്ന ഉത്തരവ്​ അറിയിച്ചത്​. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദിന്‍റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും ജപ്തിയില്‍നിന്ന്​ പിന്മാറാന്‍ തയാറായില്ല. എട്ടുവര്‍ഷം മുമ്പ് സെബാസ്റ്റ്യൻ കുടമുരത്തി സ്വദേശി വലയികുളത്ത് ചാക്കോ മത്തായിയും ഭാര്യ ഗ്രേസി ചാക്കോയും ചേര്‍ന്ന്​ സെബാസ്റ്റ്യന്റെ വീടും പുരയിടവും ഈടുനല്‍കി വായ്പയെടുത്തിരുന്നു. സെബാസ്റ്റ്യനോടും ഭാര്യയോടും ആറരലക്ഷം രൂപ വായ്പയെടുത്തെന്നാണ് പറഞ്ഞിരുന്നത്. വായ്പ കുടിശ്ശികയായതോടെ നോട്ടീസ് എത്തിയപ്പോഴാണ് വായ്പ തുക 15 ലക്ഷം രൂപയാണെന്ന്​ ഇവരറിഞ്ഞത്. ഇതോടെ പണം തിരിച്ചടക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും സാമ്പത്തികമായി തകര്‍ന്ന ചാക്കോ മത്തായി തയാറായില്ല. തുകയിപ്പോള്‍ പലിശയടക്കം 28 ലക്ഷം രൂപയായി. ഇത് ഈടാക്കാനാണ് കോടതി ഉത്തരവുമായി ബാങ്ക് അധികൃതര്‍ എത്തിയത്. ജപ്തി ചെയ്യുമെന്ന്​ ബാങ്ക് അധികാരികളും അനുവദിക്കില്ലെന്ന്​ ജനപ്രതിനിധികളും നിലപാടിലെത്തിയതോടെ സംഘര്‍ഷത്തിന്‍റെ വക്കോളമെത്തി. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്‍റ്​ സന്ധ്യ വിനോദ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.യുമായി ബന്ധപ്പെട്ട്​ വിവരങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന്​ എം.എല്‍.എ ബാങ്ക് അധികൃതരുമായി സംസാരിക്കുകയും ഏഴുദിവസം കൂടി പ്രശ്‌ന പരിഹാരത്തിനായി അുവദിക്കുകയുമായിരുന്നു. ഇതോടെ പണമടക്കാന്‍ ഏഴുദിവസം കൂടി അനുവദിച്ച് ബാങ്ക് അധികൃതര്‍ മടങ്ങുകയായിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച്​ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ ബാങ്ക് അധികൃതര്‍ തയാറായില്ല. KTG WBL Japthi ജപ്തി നോട്ടീസുമായി വയോദമ്പതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.