ഇട്ടിയപ്പാറ ബസ്​സ്റ്റാൻഡിൽ ജീവൻ വേണേൽ ഓടിക്കോ

ബസ്​സ്റ്റാന്‍ഡിൽ കാറുകളും ഇരുചക്ര വാഹനങ്ങളും ഓട്ടോകളും പാര്‍ക്ക്​ ചെയ്യുന്നു റാന്നി: ഇട്ടിയപ്പാറ സ്വകാര്യ ബസ്​സ്റ്റാന്‍ഡിൽ ഗതാഗതനിയമലംഘനങ്ങൾ തുടരുന്നു. വ്യാഴാഴ്ച രാവിലെ സ്റ്റാന്‍ഡിലൂടെയെത്തിയ പിക്​അപ്​ വാനിടിച്ച് യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിൽ നടപടിയെടുക്കാത്ത പൊലീസിനും മോട്ടോര്‍ വാഹനവകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനമുണ്ടായി. സമീപത്തെ വ്യാപാരിയുടെ പിക്​അപ്​ വാന്‍ പൊലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകളും സ്റ്റാന്‍ഡിലൂടെയെത്തുന്ന മറ്റു വാഹനങ്ങളുടെയും ഇടയിലൂടെ യാത്രക്കാര്‍ ജീവന്‍ രക്ഷിക്കാന്‍ ഓടി രക്ഷപ്പെടേണ്ട അവസ്ഥയാണ്. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ ഉത്തരവാദിത്തമില്ലായ്മയാണ് പ്രധാന പ്രശ്നം. റാന്നിക്ക് സ്വന്തമായി ഡിവൈ.എസ്.പി ഓഫിസ് ലഭിച്ചപ്പോള്‍ നഗരത്തിലെ കുത്തഴിഞ്ഞ ഗതാഗതസംവിധാനത്തിന് അറുതിവരുമെന്ന് കരുതിയവര്‍ നിരാശരാണ്​. ബസ്​സ്റ്റാന്‍ഡ് നിറയെ സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും ഓട്ടോകളും പാര്‍ക്ക്​ ചെയ്യുകയാണ്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ പാര്‍ക്കിങ്ങിനായി കണ്ടെത്തുന്നത് ബസ്​സ്റ്റാന്‍ഡാണ്. രാവിലെ വാഹനം കൊണ്ടുവന്ന് ഇവിടെ പാര്‍ക്ക്​ ചെയ്തശേഷം ദൂരെ സ്ഥലങ്ങളില്‍ ജോലിക്കു പോകുന്നവരുമുണ്ട്. രാത്രിയോടുകൂടി മാത്രമേ ഈ വാഹനങ്ങള്‍ ഇവിടെ നിന്ന്​ മാറ്റുകയുള്ളൂ. ബസുകള്‍ സ്റ്റാന്‍ഡിന് മധ്യത്തില്‍ തലങ്ങും വിലങ്ങും പാര്‍ക്ക്​ ചെയ്യുമ്പോൾ മറ്റു ബസുകള്‍ കടന്നുവരുന്നത്​ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. പലപ്പോഴും അപകടത്തില്‍നിന്ന്​ തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെടുന്നത്. സ്റ്റാന്‍ഡിലെ വ്യാപാരികളും തങ്ങളുടെ സ്ഥാപനത്തിന് മുന്‍വശം കൈയേറി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്​. ഒരു വഴിയിലൂടെ ബസുകള്‍ക്ക് കയറാനും മറുവഴിയിലൂടെ ഇറങ്ങാനുമായി ഉണ്ടായിരുന്ന തീരുമാനം ലംഘിച്ച് ബസുകള്‍ തലങ്ങും വിലങ്ങും പായുകയാണ്. നഗരത്തില്‍ ട്രാഫിക് പൊലീസ് യൂനിറ്റ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ല. -- ptl rni_2 trafic ഫോട്ടോ: ഇട്ടിയപ്പാറ ബസ്​സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.