കോൺ​ഗ്രസ്​ മണ്ഡലം കമ്മിറ്റി ഓഫിസിനുനേരെ കല്ലേറ്

പന്തളം: പന്തളം വെസ്റ്റ് കോൺ​ഗ്രസ്​ മണ്ഡലം കമ്മിറ്റി ഓഫിസിനുനേരെ കല്ലേറ്. കുന്നിക്കുഴി ജങ്​ഷനിൽ സ്ഥാപിച്ചിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി അർധകായ പ്രതിമകളും തകർത്തു. പ്രതിമകളുടെ തലഭാഗം അടർത്തി റോഡിലേക്ക് വലിച്ചെറിഞ്ഞു. തിങ്കളാഴ്ച രാത്രിയാണ്​ സംഭവം. കോൺഗ്രസ് ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്​ കോൺഗ്രസ് പ്രവർത്തകർ മുട്ടാർ ജങ്​ഷനിൽ പ്രകടനം നടത്തി. മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച്​ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകരും രാത്രി പന്തളം ജങ്​ഷനിൽ പ്രകടനം നടത്തി. മുട്ടാർ ജങ്​ഷനിൽ രണ്ടു മാസം മുമ്പ്​ ഉദ്ഘാടനം ചെയ്ത കോൺഗ്രസ്​ വെസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫിസാണ്​ ആക്രമിച്ചത്​. ഒരു വർഷം മുമ്പ്​ നിയന്ത്രണം വിട്ട കാറിടിച്ച്​ തകർത്ത കുന്നിക്കുഴി ജങ്​ഷനിലെ പ്രതിമ ആറുമാസം മുമ്പാണ് പുനർനിർമിച്ചത്. ചൊവ്വാഴ്ച രാവിലെ അക്രമം നടന്ന സ്ഥലം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടം, ഡി.സി.സി പ്രസിഡന്‍റ്​ സതീഷ് കൊച്ചുപറമ്പിൽ എന്നിവർ സന്ദർശിച്ചു. അക്രമസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘമാണ് പന്തളത്ത് നിലയുറപ്പിച്ചത്. പട്രോളിങ്ങും പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പന്തളം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്‍റ്​ പി.എസ്. വേണുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. മഞ്ജു വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. റഹിം റാവുത്തർ, സോളമൻ വരവുകാലയിൽ, പി.പി. ജോൺ, കെ.എൻ. രാജൻ, സുരേഷ്‌കുമാർ, വിജയകുമാർ തോന്നല്ലൂർ, രാജു, പ്രഫ. കൃഷ്ണകുമാർ, ശാന്ത, റാഫി, അനിൽ കുമാർ ചേരിക്കൽ, കുഞ്ഞുമോൻ, ബേബി, ബിജു, രാധാകൃഷ്ണൻ, കുട്ടൻ, രവിപിള്ള, പ്രസന്നൻ, തോമസ്, അജോ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.