വഴിയാത്രക്കാരും മറ്റും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത് പത്തനംതിട്ട: ജില്ലയിലെ തെരുവുകൾ നായ്ക്കൾ കൈയടക്കുന്നു. നഗരഗ്രാമ വ്യത്യാസമില്ലാതെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ബഹളമാണ്. ഇവയിൽ ഭൂരിഭാഗവും അക്രമകാരികളും രോഗബാധിച്ചവയുമാണ്. സ്കൂൾ തുറന്നതോടെ ഇവ കുട്ടികൾക്ക് വലിയ ഭീഷണിയായിരിക്കുകയാണ്. മൃഗസംരക്ഷണ വകുപ്പ് വന്ധ്യംകരണത്തിനു വിധേയമാക്കി തിരികെ അതത് സ്ഥലങ്ങളിൽ കൊണ്ടെത്തിച്ചവയിൽ മിക്കവയും അക്രമവാസന കാട്ടുന്നു. വഴിയാത്രികരും ഇരുചക്ര വാഹന യാത്രികരും പലപ്പോഴും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. പ്രായം ചെന്നവരും രോഗബാധിതരും കുരച്ചുകൊണ്ട് അടുക്കുന്നവയെ തുരത്താൻ പാടുപെടുകയാണ്. നായ്ക്കളുടെ നിർമാർജന പ്രക്രിയകൂടി നിലച്ചതോടെ പലയിടത്തും എണ്ണം പെരുകി. ശരീരം പൊട്ടിയൊഴുകുന്നതും കവിളിനു മുറിവുള്ളതും വ്രണങ്ങൾ രൂപപ്പെട്ടതുമായ നിരവധി നായ്ക്കളെ തെരുവുകളിൽ കാണാം. വേദനയും പട്ടിണിയും കാരണമാണ് ഇവ പലപ്പോഴും ക്രൂരത കാട്ടുന്നത്. മഴക്കാലം കൂടി ആയതോടെ വ്യാപാര സ്ഥാപനങ്ങളുടെയും മറ്റു കെട്ടിടങ്ങളുടെ തിണ്ണകളിലും ഇടനാഴികളിലും അഭയം തേടുന്നതും പതിവായി. ബസ്സ്റ്റാൻഡ് ടെർമിനലുകൾ, വെയ്റ്റിങ് ഷെഡുകൾ, സ്റ്റേഡിയം, പവിലിയനുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നായ്ക്കളുടെ അഭയകേന്ദ്രങ്ങളാണ്. പത്തനംതിട്ട പൊലീസ് സ്റ്റേഷൻവരെ ഇവയുടെ താവളമാണ്. അടുത്തിടെ പൊലീസ് സ്റ്റേഷനിലെത്തിയ രണ്ടുപേർക്ക് നായുടെ കടിയേറ്റു. കാൽനടക്കാരായി എത്തുന്നവർക്കുനേരെ ഏതു സമയവും അക്രമകാരികളാകും. ഇരുചക്രവാഹന യാത്രക്കാരും തെരുവുനായ്ക്കളുടെ ഇരകളാകുന്നു. വാഹനങ്ങൾക്കു കുറുകെ ചാടുന്ന നായ്ക്കൾ ഉണ്ടാക്കുന്ന അപകടങ്ങളേറെയാണ്. നായ്ക്കളെ നശിപ്പിക്കാൻ അനുവാദമില്ലാത്തതിനാൽ തടയാനാകില്ലെന്ന നിലപാടാണ് തദ്ദേശസ്ഥാപനങ്ങൾ. -------- ---------- നഷ്ടപരിഹാരം തേടാം തെരുവുനായ്ക്കളുടെ ആക്രമണത്തിലും അവ മൂലമുണ്ടാകുന്ന അപകടത്തിലും നഷ്ടപരിഹാരം തേടാൻ വ്യവസ്ഥയുണ്ട്. എന്നാൽ, വളരെക്കുറച്ച് ആളുകൾ മാത്രമേ ഇതിന്റെ പിന്നാലെ പോകാറുള്ളൂ. സുപ്രീംകോടതി നിർദേശപ്രകാരം കൊച്ചിയിൽ ജസ്റ്റിസ് സിരിജഗന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മൂന്നംഗ കമ്മിറ്റിക്കാണ് ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നൽകേണ്ടത്. തെരുവുനായ് ആക്രമിക്കുകയോ അപകടങ്ങളുണ്ടാകുകയോ ചെയ്താൽ വിവരങ്ങൾ അപേക്ഷയായി എഴുതി അതോടൊപ്പം ചികിത്സ തേടിയ ആശുപത്രിയുടെ ഒ.പി ടിക്കറ്റ്, ബില്ലുകൾ, മരുന്നുകളുടെ ബില്ല്, വാഹനത്തിനുണ്ടായ കേടുപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ, ചെലവായ തുക എന്നിവ അയച്ചു നൽകിയാൽ മതിയാകും. പരാതി ന്യായമെന്നു കമ്മിറ്റിക്ക് ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന് നോട്ടീസ് അയക്കുകയും അവരുടെ ഭാഗം കൂടി കേട്ടശേഷം നഷ്ടപരിഹാരം ലഭ്യമാക്കും. വിലാസം: ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി, കോർപറേഷൻ ബിൽഡിങ്, പരമാര റോഡ്, എറണാകുളം നോർത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.