തൃക്കാക്കരയിലും നാറാണംമൂഴി പ്രസിഡന്‍റിന്‍റെ പാട്ട് വൈറൽ

അത്തിക്കയം: വോട്ടേകുവിൻ, ഉമക്കായി വോട്ടേകുവിൻ..... തൃക്കാക്കരയിൽ മുഴങ്ങുന്ന ഈ പാട്ടിന്‍റെ ശബ്ദം ഇങ്ങകലെ നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബീന ജോബിയുടേതാണ്. ധീരനാകും പി.ടി തൻ നല്ല പാതിയാണിവൾ... എന്ന വരികൾ ഇതിലേറെ ശ്രദ്ധേയമായി. നീരാടുവാൻ നിളയിൽ നീരാടുവാൻ... എന്ന ചലച്ചിത്രഗാനത്തിന്‍റെ ഈണത്തിലാണ് വരികൾ തയാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാറാണംമൂഴി മൂന്നാം വാർഡിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ബീന ജോബി അന്നും പാട്ടിലൂടെ ശ്രദ്ധേയയായിരുന്നു. സ്വന്തം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച പാട്ട് വൈറലായി മാറി. 'പൂന്തേനരുവീ... പൊന്മുടി പുഴയുടെ അനുജത്തി' എന്ന ചലച്ചിത്ര ഗാനത്തിന്‍റെ ഈ ണത്തിൽ ബീന ജോബി... മൂന്നാം വാർഡിലെ സ്ഥാനാർഥി എന്നുതുടങ്ങുന്ന വരികളാണ് അന്ന് ആലപിച്ചത്. വിജയിച്ച് പ്രസിഡന്‍റായപ്പോഴും സംഗീതത്തോടുള്ള പ്രേമം കൈവിട്ടില്ല. തിരക്കുകൾക്കിടയിലും തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിനുപോയി. അവിടെ എത്തിയപ്പോൾ താൻ പാടിയ പാട്ട് പ്രചാരണരംഗത്ത് മുഴങ്ങിക്കേട്ടപ്പോൾ ഏറെ അഭിമാനം തോന്നിയതായി ബീന പറഞ്ഞു. പ്രചാരണ ഗാനം എഴുതിയത് രാജു വല്ലൂരാനാണ്. പി.ടി. തോമസിന്‍റെ കാഴ്ചപ്പാടുകൾ കൂടി ചേർത്താണ് പാട്ട് ചിട്ടപ്പെടുത്തിയത്. എഡിറ്റ് ചെയ്തത് മകൻ അലൻ ജോബിയാണ്. ചെത്തോങ്കര എസ്.എം സ്റ്റുഡി യോയിലാണ് റെക്കോഡിങ്​ പൂർത്തിയാക്കിയത്. സനലാണ് നിർമാതാവ്. ചെമ്പനോലി സെന്‍റ്​ സെബാസ്റ്റ്യൻസ് ഇടവക ഗായകസംഘത്തിലെ അംഗമായ ബീന ചെറുപ്പംമുതൽ ഗായികയാണ്. കാഞ്ഞിരപ്പള്ളി ഹെവൻലി വോയ്സ് ഗ്രൂപ്പിലും പ്രവർത്തിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.