ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്‌സ്റ്റേഷന്‍റെ നിര്‍മാണോദ്ഘാടനം ഇന്ന്

പത്തനംതിട്ട: ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പത്തനംതിട്ട 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്‌സ്റ്റേഷന്‍റെ നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച 12ന്​ മന്ത്രി കെ. കൃഷ്ണന്‍കുട്ടി കാതോലിക്കറ്റ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 220 കെ.വി.ജി.ഐ.എസ് സബ്‌സ്റ്റേഷന്‍ പ്രാവര്‍ത്തികമാകുന്നതോടെ ജില്ലയില്‍ വൈദ്യുതി മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. വൈദ്യുതി തടസ്സങ്ങള്‍ ഒഴിവാക്കാനും ജില്ലയുടെ പൊതു വികസനത്തിനുവേഗം കൂട്ടുവാനും ഇത് സഹായിക്കും. സബ്‌സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ നാല് മെഗാവാട്ട് ശേഷിയുള്ള ഒരു വൈദ്യുതോൽപാദന നിലയം സ്ഥാപിക്കുന്നതിന് തുല്യമായ നേട്ടമുണ്ടാകും. പത്തനംതിട്ട കൂടാതെ കൊല്ലം, ആലപ്പുഴ ജില്ലകള്‍ക്കും ഈ പദ്ധതി പ്രയോജനപ്രദമാകും. 220 കെ.വി.ജി.ഐ.എസ് സബ് സ്റ്റേഷന്‍ സാധ്യമാകുന്നതോടെ പ്രസരണ നഷ്ടം ഗണ്യമായി കുറയുകയും ജില്ലയിലെ അടൂര്‍, ഏനാത്ത് എന്നീ സബ് സ്റ്റേഷനുകള്‍ 110 കെ.വി വോള്‍ട്ടേജ് നിലവാരത്തിലേക്കുയരുകയും പത്തനംതിട്ട, കൂടല്‍, റാന്നി, കോഴഞ്ചേരി, കക്കാട് എന്നീ 110 കെ.വി സബ്‌സ്റ്റേഷനുകളുടെ വൈദ്യുതി ലഭ്യത വര്‍ധിക്കുകയും ചെയ്യും. സംസ്ഥാന സര്‍ക്കാറും കെ.എസ്.ഇ.ബി ലിമിറ്റഡും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളില്‍ പ്രസരണ വിഭാഗം നടപ്പാക്കുന്ന പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ് 2.0. ട്രാന്‍സ്ഗ്രിഡിന്‍റെ രണ്ടാംഘട്ട പദ്ധതികളില്‍ 224 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയാണ് ശബരി ലൈന്‍സ് ആന്‍ഡ് സബ് സ്റ്റേഷന്‍ പാക്കേജ്. ഈ പാക്കേജില്‍ ശബരിഗിരി, ഇടമണ്‍, കൂടല്‍, പത്തനംതിട്ട, അടൂര്‍, ഇടപ്പോണ്‍ എന്നീ സബ് സ്റ്റേഷനുകളെ ബന്ധിപ്പിച്ച് പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍കൂടി കടന്നുപോകുന്ന 57 കിലോമീറ്റര്‍ 220 കെ.വി ഡബിള്‍ സര്‍ക്യൂട്ട്, 220/110 കെ.വി മള്‍ട്ടി വോള്‍ട്ടേജ് മള്‍ട്ടി സര്‍ക്യൂട്ട് ലൈനുകളുളുടെ നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട സബ്‌സ്റ്റേഷന്‍റെ നിര്‍മാണത്തിനു മാത്രമായി 54.67 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ട്രാന്‍സ്ഗ്രിഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ കെ. ശ്രീകുമാര്‍, അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ടി. ജോയി, എൻജിനീയര്‍മാരായ ജയകൃഷ്ണന്‍, പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. കന്നുകാലികള്‍ക്ക് മൈക്രോചിപ്പിങ് പദ്ധതി; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് പത്തനംതിട്ട: കന്നുകാലികള്‍ക്കുള്ള ഏറ്റവും നൂതന തിരിച്ചറിയല്‍ മാര്‍ഗമായ റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ (ആര്‍.എഫ്.ഐ.ഡി) മൈക്രോചിപ്പിങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി തിങ്കളാഴ്ച രാവിലെ 10.30ന് പത്തനംതിട്ട ഓമല്ലൂര്‍ എ.ജി.ടി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാറിന്‍റെ കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ മൃഗസംരക്ഷണ വകുപ്പാണ് നടപ്പാക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തേന്‍കണം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് പത്തനംതിട്ട: വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള അംഗൻവാടികളിലെ കുട്ടികളുടെ പ്രവേശനോത്സവത്തിന്‍റെയും തേന്‍കണം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് തിങ്കളാഴ്ച രാവിലെ 9.30ന് ഓതറ പഴയകാവ് അംഗൻവാടിയില്‍ നിര്‍വഹിക്കും. കുട്ടികളുടെ ശാരീരിക ബൗദ്ധിക വികാസത്തിനായി തേന്‍ നല്‍കുന്നതിനായി സംസ്ഥാന ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് തേന്‍കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.