അടൂർ നഗരം വികസന കുതിപ്പിലേക്കെന്ന്​ നഗരസഭ അധ്യക്ഷൻ

അടൂർ: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കി ചുരുങ്ങിയ കാലയളവിൽ വികസനക്കുതിപ്പിലേക്ക് മുന്നേറുകയാണ് നഗരസഭ ഭരണമെന്ന് അടൂർ നഗരസഭ അധ്യക്ഷൻ ഡി. സജി. നഗരസഭ കെട്ടിടത്തിന്‍റെയും ബസ് ടെർമിനലിന്‍റെയും നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കും. ആധുനിക രീതിയിലുള്ള ശ്മശാനത്തിന് 4.6 കോടി രൂപയുടെ ഡി.പി.ആർ. തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. അടൂർ ശ്രീമൂലം ചന്ത രണ്ട് കോടി 32 ലക്ഷം രൂപ കിഫ്ബി സഹായത്തോടെ നിർമാണ പ്രവർത്തനം തുടങ്ങി. ഓണത്തിനോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും. പറക്കോട് അനന്തരാമപുരം മാർക്കറ്റ് 14 കോടി രൂപ ചെലവിൽ എ.സി സംവിധാനത്തോടെ നിർമിക്കാൻ ഡി.പി.ആർ നഗരസഭ കൗൺസിൽ അംഗീകരിച്ചു. തീരദേശ മത്സ്യബന്ധന ബോർഡിനാണ് നിർമാണ ചുമതല. പഴയ ടൗൺഹാൾ നിന്ന സ്ഥലത്ത് പുതിയ ടൗൺഹാളും മിനി തിയറ്ററും നിർമിക്കുന്നതിന് കഴിഞ്ഞ കൗൺസിൽ തീരുമാനിക്കുകയും ഡി.പി.ആർ തയാറാക്കാൻ ടെൻഡർ നടപടികളിലേക്ക്​ നീങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 9.6 കോടി രൂപയുടെ പദ്ധതി നഗരസഭ കൗൺസിൽ അംഗീകരിച്ചു. ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും വേർതിരിച്ച് സംസ്കരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. നഗരപ്രദേശത്തെ മുഴുവൻ ലൈറ്റുകളും എൽ.ഇ.ഡിയിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായി 'നിലാവ്' പദ്ധതി കെ.എസ്.ഇ.ബി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു. നഗരസഭ കെട്ടിടം, ചന്തകളുടെ നവീകരണം, കുടിവെള്ളപദ്ധതി എന്നിവയുടെ കാര്യത്തിൽ കാര്യമായ ഇടപെടലാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്‍റെ നേതൃത്വത്തിൽ നടന്നതെന്ന് സജി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.