കൂറ്റനാട്: തൃത്താലയിൽ പാര്‍ട്ടികള്‍ക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ വിജയത്തിന്‍റെ മാറ്റുകുറക്കുമെന്ന ആശങ്ക ഇടതിനും വലതിനും ഉണ്ട്. എന്നാല്‍ വാര്‍ഡ് വിഭജനത്തിലൂടെ എണ്ണം കൂടി വന്നതോടെ അത് പ്രതീക്ഷയാണ് നല്‍കുന്നത്. തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടുതവണയായി എല്‍.ഡി.എഫിനാണ് ഭരണം. മന്ത്രി മണ്ഡലമായ തൃത്താലയില്‍ ഇത്തവണ ആധിപത്യം ഉറപ്പിക്കുകയെന്നത് എല്‍.ഡി.എഫ് ഔദ്യോദികപക്ഷത്തിന് ബാലികേറാമലയാണ്.
കാരണം വിമതവിഭാഗം ശക്തിയാര്‍ജിച്ച മേഖലയാണ് തൃത്താല. യു.ഡി.എഫിനാകട്ടെ രണ്ടുതവണ മണ്ഡലം പ്രതിനിധികരിച്ചതാണെങ്കിലും കഴിഞ്ഞതവണ കൈവിട്ടുപോയതാണ്. അത് തിരിച്ചു പിടിക്കാനുള്ള നീക്കം ശക്തമാക്കുന്നതിനിടെയാണ് സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള പോര്. മുതിര്‍ന്ന നേതാക്കളുടെ ഇടപെടല്‍ മൂലം താൽക്കാലിക വിരാമമിട്ടെങ്കിലും നേതാക്കള്‍ ബലാബലപരീക്ഷണത്തിലുമാണ്.
കപ്പൂരിൽ ആകെ 18 വാര്‍ഡുകളില്‍ ഒമ്പത് സീറ്റില്‍ എല്‍.ഡി.എഫും അഞ്ച് കോണ്‍ഗ്രസ്, നാല് ലീഗുമായി യു.ഡി.എഫും ഒമ്പത് സീറ്റു നേടുകയായിരുന്നു. നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനും വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനുമാണ് കിട്ടിയത്. ഇവിടെ ഭരണ-പ്രതിപക്ഷ ഐക്യമാണ് തുടക്കത്തില്‍ ലക്ഷ്യമിട്ടതെങ്കിലും ഭരണസമിതി വികസന തീരുമാനങ്ങള്‍ കൈകൊള്ളുമ്പോള്‍ അവഗണിക്കപ്പെടുകയാണെന്നാണ് പരാതി. പുതിയതായി രണ്ട് വാര്‍ഡുകള്‍ കൂടിയിട്ടുണ്ട്.
ആനക്കരയില്‍ നിലവിൽ 16 വാർഡുകളില്‍ എല്‍.ഡി.എഫ് ഏഴും, കോണ്‍ഗ്രസ് ഏഴ്, ലീഗ് രണ്ടുമായി ഒമ്പത് അംഗങ്ങളാണുള്ളത്. കെ. മുഹമ്മദ് പ്രസിഡന്‍റായുള്ള ഭരണസമിതിയാണ്. അതേസമയം ഇവിടെ ഘടകകക്ഷിയായ ലീഗ് അംഗത്തിന് പ്രസിഡന്‍റ് സ്ഥാനം വേണമെന്നാവശ്യപെട്ട് തര്‍ക്കം ഉടലെടുക്കുകയും അതിന് വഴങ്ങാതെ വന്നതോടെ മുഹമ്മദിനെതിരെ ലീഗും കോണ്‍ഗ്രസ് മറ്റംഗങ്ങളും ചേര്‍ന്ന് പടയൊരുക്കം നടത്തിയെങ്കിലും അതിനെ അതിജീവിച്ചിരിക്കുകയാണ് നിലവിലെ പ്രസിഡന്‍റ്. വൈസ് പ്രസിഡന്‍റായി ലീഗ് അംഗം റൂബിയയാണ്. 17 വാര്‍ഡായി ഉയര്‍ത്തി. പട്ടിത്തറ എല്‍.ഡി.എഫില്‍ നിന്നും പിടിച്ചെടുത്ത് പി. ബാലന്‍ പ്രസിഡന്‍റായുള്ള യു.ഡി.എഫ് ഭരണ സമിതിയാണ്.
18 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് ഒമ്പത്, ലീഗ് മൂന്നുമായി യു.ഡി.എഫ് 12ഉം, എല്‍.ഡി.എഫ് ആറുമാണ്. മൂന്ന് വാര്‍ഡുകള്‍ വർധിച്ചിട്ടുണ്ട്. പരുതൂരില്‍ ലീഗിനാണ് മുന്‍തൂക്കം 16ല്‍ ലീഗ് ആറും കോണ്‍ഗ്രസ് മൂന്നുമായി യു.ഡി.എഫ് ഒമ്പതും എല്‍.ഡി.എഫ് ഏഴുമാണ്. ഇവിടെ പി.പി. സക്കറിയയാണ് പ്രസിഡന്‍റ്. രണ്ട് വാര്‍ഡ് കൂടി. ചാലിശ്ശേരിയില്‍ രണ്ടാം തവണയാണ് യു.ഡി.എഫ് അധികാരം കൈയാളുന്നത്. എന്നാല്‍ രണ്ടുതവണയിലും ഭരണതര്‍ക്കം ഇവിടെ പ്രതിഫലിച്ചിട്ടുണ്ട്.
2015ല്‍ യു.ഡി.എഫ് കണ്‍വീനര്‍ സുനില്‍ കുമാര്‍ പ്രസിഡന്‍റായുള്ള യു.ഡി.എഫ് ഭരണസമിതിയായിരുന്നു. 15 വാര്‍ഡുകളില്‍ ഒരു സീറ്റിന്‍റെ വ്യത്യാസത്തിലാണ് ഭരണ-പ്രതിപക്ഷ അകലം. ഘടകകക്ഷിയായ ലീഗ് അധികാര കൈമാറ്റത്തിന് തുനിഞ്ഞതോടെ മുന്നണിയില്‍ വീറും വാശിയും വന്നു. തുടര്‍ന്ന് ഇടതുപക്ഷ പിന്തുണയില്‍ ലീഗ് അംഗം പ്രസിഡന്‍റായാണ് കാലാവധി പൂര്‍ത്തിയാക്കിയത്. 2020ലും സമാനസ്ഥിതി ചാലിശ്ശേരിയില്‍ പ്രകടമായി. അഞ്ച് കോണ്‍ഗ്രസും മൂന്ന് ലീഗുമായി എട്ട് അംഗം യു.ഡി.എഫിനും ഏഴംഗം എല്‍.ഡി.എഫിനും ലഭിച്ചു.
എസ്.സി സംവരണമായതോടെ കോണ്‍ഗ്രസിലെ പി. സന്ധ്യയായിരുന്നു പ്രസിഡന്‍റ്. എന്നാല്‍ സ്ഥാനമാന കൈമാറ്റത്തിന് പോര്‍വിളിയായതോടെ നേതൃത്വം ഇടപെട്ട് സന്ധ്യയെ താഴെയിറക്കി. ഇതില്‍ രോഷം പൂണ്ട സന്ധ്യ വാര്‍ഡംഗസ്ഥാനം കൂടി ഉപേക്ഷിച്ചതോടെ അവിടെ ഉപതെരഞ്ഞെടുപ്പിന് വേദിയായി. തുടര്‍ന്ന് വിജയിച്ച വിജേഷ് കുട്ടനാണ് പ്രസിഡന്‍റ്. പുതിയ രണ്ട് വാര്‍ഡ് കൂടി നിലവില്‍ വന്നു. തിരുമിറ്റകോട് എക്കാലത്തും എല്‍.ഡി.എഫിനൊപ്പമാണ്.
എല്‍.ഡി.എഫിന് 12ഉം, കോണ്‍ഗ്രസും ലീഗും മൂന്ന് വീതം ആറ് സീറ്റുമായി പ്രതിപക്ഷത്താണ്. ടി. സുഹറയാണ് ഇവിടെ പ്രസിഡന്റ് സ്ഥാനം. രണ്ട് വാര്‍ഡ് കൂടി ചേര്‍ത്തിട്ടുണ്ട്. തൃത്താലയും സമാനമാണ് ഇടതുപക്ഷ മേല്‍കൈയാണ്. നിലവിലെ 17 വാര്‍ഡില്‍ 12 എല്‍.ഡി.എഫും കോണ്‍ഗ്രസ് മൂന്ന്, ലീഗ് രണ്ടുമായി അഞ്ച് സീറ്റാണ്. ഇപ്പോള്‍ രണ്ട് വാര്‍ഡുകള്‍ കൂടിയിട്ടുണ്ട്. പി.കെ. ജയയാണ് പ്രസിഡന്‍റ്. നാഗലശ്ശേരിയിലും ഇടതുപക്ഷ കുത്തക തന്നെയാണ്. എല്‍.ഡി.എഫ് 13, കോണ്‍ഗ്രസ് മൂന്ന്, ബി.ജെ.പിക്ക് ഒരംഗത്തെ വിജയിപ്പിക്കാനായി. വി.വി. ബാലചന്ദ്രനാണ് ഇവിടെ പ്രസിഡന്റ് സ്ഥാനം. രണ്ട് വാര്‍ഡ് പുതുതായി ചേര്‍ത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.