സ്മരണകളിരമ്പും

ആനക്കര: വെള്ളക്കാരുടെ തേര്‍വാഴ്ചക്കെതിരെ പടവാളുയര്‍ത്തിയ ധീരപോരാളിയെ സ്മരിച്ച് നിളയോരം. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന തൃത്താലയിലെ മഠത്തിൽ വളപ്പിൽ അബ്ദുല്ലക്കുട്ടിയാണ്​ വേറിട്ട വഴികളിലൂടെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കുമെതിരെ പടപൊരുതിയത്​. അബ്ദുല്ലക്കുട്ടിയുടെ വിയോഗത്തിന്​ അരനൂറ്റാണ്ടാവു​മ്പോൾ അദ്ദേഹത്തിന്‍റെ വീരസ്മരണകളെ ഓർക്കുകയാണ്​ ബന്ധുക്കളും നാട്ടുകാരും. 1922 ഏപ്രിൽ അഞ്ചിന്​ തൃത്താല സബ് രജിസ്​ട്രാർ ഓഫിസിന്​ മുന്നിൽ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി തീപൊരി പ്രസംഗം നടത്തവേ ബ്രിട്ടീഷ് പൊലീസ്​ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കണ്ണൂർ ജയിലിലേക്കും അവിടെനിന്ന്​ ബല്ലാരി, അലിപുരം ജയിലുകളിലേക്കും കൊണ്ടുപോയി. മൂന്ന് ജയിലുകളിലായി മൂന്ന് വർഷവും ഒമ്പത് മാസവും തടവിലിട്ടു. ഭാര്യ ബീവിഉമ്മ മൂത്തമകനെ ഗർഭം ധരിച്ച സമയത്തായിരുന്നു അറസ്റ്റും ജയിൽ വാസവുമെങ്കിലും ജന്മനാടിന്‍റെ മോചനത്തിനായുള്ള ഭര്‍ത്താവിന്‍റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടയായിരുന്നു അവർ. അടിച്ചമര്‍ത്തപ്പെടുന്ന ഇടങ്ങളിലെല്ലാം ആധിപത്യം ഉറപ്പിച്ച് മേലാളന്മാര്‍ക്കെതിരെ ജീവൻ ത്യജിച്ചും പോരാടുക എന്നതായിരുന്നു അബ്​ദുല്ലക്കുട്ടിയുടെ നിലപാട്​. ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായ അബ്​ദുല്ലക്കുട്ടി അയിത്തോച്ചാടന പ്രവർത്തനങ്ങളുടെ മുൻനിര പോരാളിയായി. വള്ളുവനാട്ടിൽ പ്രത്യേകമായി അറിയപ്പെട്ടിരുന്ന ജാതി തിരിച്ചുള്ള 'സാമ്പ്രാണി സദ്യ'യില്‍ കീഴ്ജാതിക്കാരനായ കൃഷ്ണനെ മേല്‍ജാതിക്കാര്‍ക്കൊപ്പം ആദ്യപന്തിയിൽ ഇരുത്തി അദ്ദേഹം ഭക്ഷണം കഴിപ്പിച്ചു. അവർണർ മാറുമറക്കാൻ പാടി​െല്ലന്ന നിബന്ധനയെ മറികടന്നത്, അവർക്ക് വേണ്ട മേൽക്കുപ്പായങ്ങൾ തുന്നിനല്‍കാൻ ഇളയ മകൻ അബ്ദുൽ അസീസിനെ തുന്നൽക്കാരനാക്കി​. മാപ്പിളമാർ മൊട്ടയടിക്കണമെന്നത്​ മത നിയമമാ​െണന്ന് തെറ്റിദ്ധരിക്കപ്പെട്ട കാലത്ത്​, മക്കളുടെ മുടി വളർത്തിയും വൃത്തിയായി വെട്ടിയൊതുക്കിയും മറ്റുള്ളവര്‍ക്ക് പ്രചോദനമേകി. പയ്യഴി തറവാട് വീടും അതിനോടനുബന്ധിച്ച ഭൂമിയും കൂടി ഒന്നിച്ചു വാങ്ങിയപ്പോൾ അവിടെ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന പാവപ്പെട്ട തൊഴിലാളികളുടെ തൊഴിൽ നിലനിർത്താനായി ശീമക്കൊന്ന, കൊഴിഞ്ഞിൽ, നിലക്കടല, കരിമ്പ്, കൈതച്ചക്ക തുടങ്ങിയ കൃഷി അദ്ദേഹം സ്വന്തം മണ്ണിൽ വിളയിറക്കി. നവോത്ഥാന നായകനും നാടകാചാര്യനുമായ വി.ടി. ഭട്ടതിരിപ്പാടുമായുള്ള അബ്​ദുല്ലക്കുട്ടിയുടെ അടുത്ത ബന്ധം അദ്ദേഹത്തിന്‍റെ പരിഷ്കരണ ചിന്തകളിൽ പ്രതിഫലിച്ചിട്ടുണ്ട്​. ഒരു നിലക്കുമുള്ള പ്രശസ്തിയും ജീവതകാലത്ത്​ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. അതിനാൽ നാലു വർഷത്തോളം ബ്രിട്ടീഷുകാരുടെ കാരാഗ്രഹത്തിൽ കഴിഞ്ഞിട്ടും അതിന്‍റെ ജയിൽ രേഖപോലും അദ്ദേഹം കൈപ്പറ്റിയില്ല. 1972 ജനുവരി അഞ്ചിനായിരുന്നു ഈ ദേശസ്​നേഹി വിടവാങ്ങിയത്. 1973ൽ​ കണ്ണൂർ സെൻട്രർ ജയിലിൽനിന്ന്​ ജയിൽ മോചനത്തിന്റെ രേഖ നിയമപരമായി കുടുംബത്തിന്​ ലഭിച്ചു. നാല് ആൺ മക്കളും മൂന്ന് പെൺമക്കളും അടക്കം ഏഴ് മക്കളിൽ ആറ് പേരും ജീവിച്ചിരിപ്പില്ല. 83ലെത്തിയ ഇളയമകന്‍ അബ്ദുള്‍ അസീസ് പിതാവിന്‍റെ ദ്രവിച്ചു പൊട്ടിപ്പൊളിഞ്ഞ ജയിൽ സർട്ടിഫിക്കറ്റ് പ്ലാസ്റ്റിക് ആവരണമണിഞ്ഞ്​ സൂക്ഷിക്കുന്നു​. p3abdullakutty മഠത്തിൽ വളപ്പിൽ അബ്​ദുല്ലക്കുട്ടി -------------------------------------- ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്: കൂരിരുട്ടിലെ നക്ഷത്ര തിളക്കം ചെർപ്പുളശ്ശേരി: 1918ൽ ഗാന്ധിജിയുടെ അഹ്വാനം ചെവികൊണ്ട് കോൺഗ്രസിൽ ചേർന്നവരിൽ പ്രധാനിയായിരുന്നു പത്തൊമ്പതുകാരനായ മോഴിക്കുന്നത്ത് മനക്കൽ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്. ചെർപ്പുളശ്ശേരിയിൽ കോൺഗ്രസ് ഘടകം രൂപവത്​കരിച്ച്​, നേതാവായി ഉയർന്ന അദ്ദേഹം അധികാരികളുടെ കണ്ണിലെ കരടായി മാറി. പലപ്പോഴും ക്രൂരമായ പീഡനങ്ങൾക്ക്​ ഇരയായി. 1920ൽ തന്‍റെ മന വകയുള്ള പുത്തനാൽക്കൽ ഭഗവതി ക്ഷേത്ര മൈതാനത്ത് ലോകമാന്യ തിലകന്‍റെ ഒന്നാം ചരമവാർഷികം വിലക്കിയിട്ടും സമ്മേളനം സംഘടിപ്പിച്ചതിലെ പക പൊലീസ്​ ക്രൂരമായാണ്​ തീർത്തത്​. ചെർപ്പുളശ്ശേരിയിലെ ജന്മ വീട്ടിൽനിന്ന് പൊലീസ് അദ്ദേഹത്തെ പിടികൂടി കെട്ടിവലിച്ച് ആദ്യം ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലും പിന്നീട് കാറൽമണ്ണ പട്ടാളപറമ്പിലും തുടർന്ന് കുതിരവണ്ടിക്ക് പിറകിൽ കെട്ടി നഗ്നപാദനായി വാണിയംകുളം വഴി ഷൊർണ്ണൂരിലേക്ക് 25 കിലോമീറ്റർ ഓടിക്കുകയും ചെയ്തു​. തുടർന്ന് 6061 നമ്പറായി ബെല്ലാരി, കോയമ്പത്തൂർ ജയിലുകളിലേക്ക്​. അദ്ദേഹത്തിനെതിരെ നിരവധി കള്ളക്കേസുകളും ചുമത്തി. വിഭജിച്ച് ഭരിക്കൽ നയമായി സ്വീകരിച്ച ബ്രിട്ടീഷ് അധികൃതർക്ക് ബ്രഹ്മദത്തൻ ഉയർത്തിപ്പിടിച്ച ജനാധിപത്യ അവകാശങ്ങളും മതമൈത്രി സന്ദേശങ്ങളും പൊറുക്കാവുന്നതിനുമപ്പുറമായിരുന്നു. മലബാർ സമരങ്ങളെ വികലവും വിവാദവുമാക്കുന്നവർക്കുള്ള മറുപടിയാണ് അദ്ദേഹത്തിന്‍റെ കൃതികൾ. കേട്ട് കേൾവിയുടെ അടിസ്ഥാനത്തിൽ പലരും പല ഭാഷ്യങ്ങളും ചമച്ചപ്പോഴും സമരങ്ങളുടെ കൂടെ സഞ്ചരിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്ത ദൃക്സാക്ഷിയുടെ വിവരണമായ ഖിലാഫത്ത് സ്മരണകൾ, കൂരിരുട്ടിൽ വഴിവിളക്ക് പോലെ തിളങ്ങി നിൽക്കുകയും വിലയേറിയ ചരിത്ര രേഖയുമായി അവശേഷിക്കുന്നു. 1897ൽ മോഴിക്കുന്നത്ത് മനയ്ക്കൽ നാരായണ സോമയാജിപ്പാടിന്‍റെയും സാവിത്രി അടി തിരിപ്പാടിന്‍റെയും മകനായി ജനിച്ചു. ചെറുപ്രായത്തിൽ തന്നെ വേദോപനിഷത്തുകളും സംസ്കൃത ഭാഷയിലും വ്യുൽപ്പത്തി കൈവരിച്ചു. ഋ​േഗ്വദം മനപ്പാഠമാക്കി. സംസ്കൃത കാവ്യ നാടകാദികളിൽ കഴിവ് നേടി. കാവ്യാസ്വാദനം, നിരൂപണ ശാഖകളിൽ പ്രത്യക കഴിവ് കൈവരിച്ചു. ഭാസന്‍റെയും കാളിദാസന്‍റെയും കൃതികളിൽ ആഴമേറിയ പരിജ്ഞാനം സിദ്ധിച്ചിരുന്നു. മഹാകവി വള്ളത്തോളും നാലപ്പാട്ട് നാരായണ മേനോനും ആത്മമിത്രങ്ങളായിരുന്നു. ജയിൽ മോചിതനായി നാട്ടിൽ തിരിച്ചുവ​െന്നങ്കിലും സമുദായ ഭ്രഷ്ട് കൽപ്പിച്ചതിനാൽ ചെർപ്പുളശ്ശേരിയിൽനിന്ന് താമസം പട്ടാമ്പിയിലേക്ക് മാറ്റി. അമ്മയുടെ മരണാനന്തര ക്രിയകൾക്ക് പോലും ഭ്രഷ്ട് കാരണം പൂർണമായി പങ്കെടുക്കാൻ സാധിച്ചില്ല. 1932ൽ വള്ളിക്കുന്നിലുള്ള ഇടശ്ശേരി മനയിലെ സാവിത്രി അന്തർജനത്തെ വിവാഹം കഴിച്ചു. അഞ്ച്​ ആൺമക്കളും രണ്ട് പെൺമക്കളും ഇവർക്ക്​ പിറന്നു. പ്രവർത്തന മണ്ഡലം പട്ടാമ്പിയിലേക്ക് മാറ്റിയതിനെ തുടർന്ന് വസതിയിൽ ഇ.എം.എസ്, വി.ടി. ഭട്ടതിരിപ്പാട് എന്നിവർ നിത്യസന്ദർശകരായിരുന്നു. യോഗക്ഷേമസഭയുടെയും നേതൃരംഗത്ത് ഇക്കാലത്ത് പ്രവർത്തിക്കുകയുണ്ടായി. പട്ടാമ്പി പഞ്ചായത്ത് പ്രസിഡന്‍റായി 12 കൊല്ലം പ്രവർത്തിച്ചു. 1964 ജൂലൈ 26ന് 67ാം വയസ്സിൽ അന്തരിച്ചു. fri\p3 brahmadathan ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.