സ്കൂൾ ബജറ്റിനെ വലച്ച് വിലക്കയറ്റം

പാലക്കാട്: കോവിഡ് തീർത്ത പ്രതിസന്ധികൾക്ക് വിടപറഞ്ഞ് പുതിയ അധ്യയന വർഷം എത്തുകയാണ്. വിലക്കയറ്റത്തിൽ പൊള്ളുന്ന വിപണിയിൽ സ്‌കൂൾ ബജറ്റും സാധാരണക്കാരന്‍റെ കീശ കാലിയാക്കിയേക്കും. നോട്ടുപുസ്തകം മുതൽ പെൻസിൽ വരെ ഉൽപന്നങ്ങൾക്ക് 10 മുതൽ 30 ശതമാനം വരെയാണ് വിലയുയർന്നിരിക്കുന്നത്. പേപ്പറിന്‍റെ വിലയാവട്ടെ അനുദിനം കുതിക്കുകയുമാണ്. വിവിധ ഉൽപന്നങ്ങൾക്ക് ജി.എസ്.ടി തീരുവ വർധിപ്പിച്ചതും വിപണിയിൽ വില്ലനായിട്ടുണ്ട്.

പറന്നുയർന്ന് പേപ്പർ, ജി.എസ്.ടിയിൽ ഉടക്കി പേന

പേപ്പറിന്‍റെയും അച്ചടി അനുബന്ധ സാമഗ്രികളുടെയും വില അടിക്കടി വർധിക്കുകയാണെന്ന് വ്യാപാരികളും പ്രസ് ഉടമകളും പറയുന്നു. അനിയന്ത്രിത വിലവർധനയുടെ ഭാരം എത്തിച്ചേരുന്നതാവട്ടെ, പലപ്പോഴും സാധാരണക്കാരനായ ഉപഭോക്താവിനു മുകളിലും. കഴിഞ്ഞ ഏതാനും മാസംകൊണ്ട് പല പേപ്പർ ഉൽപന്നങ്ങൾക്കും പകുതിയോളം വില വർധിച്ചിട്ടുണ്ട്. നോട്ടുബുക്കുകൾക്ക് മാത്രം 10 ശതമാനത്തിലേറെ വില വർധിച്ചിട്ടുണ്ട്.

സ്കൂൾ വിപണിയിൽ ഒഴിച്ചുകൂടാനാവാത്ത പേനക്കും പെൻസിലിനും കഴിഞ്ഞ മൂന്നു മാസത്തിനിടെ എട്ടു മുതൽ 10 ശതമാനം വരെ വില വർധിച്ചിട്ടുണ്ട്. പേനകൾക്ക് 12 ശതമാനം ജി.എസ്.ടി ഉണ്ടായിരുന്നത് 18 ആക്കി ഉയർത്തിയത് സ്‌കെച്ച്, മാർക്കർ തുടങ്ങി എല്ലാത്തരം പേനകളുടെയും വിലവർധനക്കും കാരണമായതായി പാലക്കാട് നഗരത്തിൽ സ്റ്റേഷനറി വ്യാപാരിയായ ഗഫൂർ പറയുന്നു. സ്കൂൾ തുറക്കുന്നതോടെ ഇത് ഇനിയും വർധിച്ചേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. സ്‌കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ വിപണിയിൽ തിരക്ക് വർധിച്ചിട്ടുണ്ട്.

അച്ചടിയിലെ പെരുപ്പം

അനുബന്ധ സാമഗ്രികൾക്ക് വിലയുയരുന്നതോടെ ദീർഘകാല കരാർ ഏറ്റെടുത്ത പ്രസുകൾ പലതും പ്രതിസന്ധിയിലായതായി സംരംഭകർ പറയുന്നു.

കോവിഡ് കാലത്ത് ഡിജിറ്റൽ ഇലക്ട്രോണിക് മാധ്യമങ്ങളുടെ സ്വീകാര്യത വർധിച്ചതോടെ പ്രവർത്തനം നാമമാത്രമായിരുന്ന ചെറുകിട പ്രസുകളിൽ പലതും അടച്ചുപൂട്ടൽ ഭീഷണിയുടെ വക്കിലാണ്. പേപ്പറിന്‍റെ ഇറക്കുമതി വർധിപ്പിക്കുന്നതോടൊപ്പം ജി.എസ്.ടി നിരക്ക് കുറക്കണമെന്നും പ്രസ് ഉടമകൾ ആവശ്യപ്പെടുന്നു.

ഒരുക്കം അവസാനഘട്ടത്തില്‍

പാലക്കാട്: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ തയാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. കൃഷ്ണന്‍ അറിയിച്ചു. ജില്ലതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ 10ന് കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസില്‍ നടക്കും. എ. പ്രഭാകരന്‍ എം.എല്‍.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സ്‌കൂളുകളില്‍ പുസ്തകവിതരണം ഞായറാഴ്ച പൂര്‍ത്തിയാക്കും. നിലവില്‍ 79.5 ശതമാനം പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തീകരിച്ചു. ജൂണ്‍ ആറുവരെ പ്രവേശന പ്രക്രിയ തുടരുമെന്നും സ്കൂള്‍ യൂനിഫോം വിതരണം ഉടന്‍ ആരംഭിക്കുമെന്നും ഡി.ഡി.ഇ അറിയിച്ചു.

ഉച്ചഭക്ഷണം ഉണ്ടാക്കുന്നവര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് ഉറപ്പുവരുത്താന്‍ സ്കൂള്‍ അധികൃതര്‍ക്ക് നിർദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും 12 വയസ്സു മുതലുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച വാക്സിനേഷന്‍ യജ്ഞം പൂര്‍ത്തിയായി. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന അവസാനഘട്ടത്തിലാണെന്നും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുന്നതായും ഡി.ഡി.ഇ. അറിയിച്ചു.

205 സ്കൂൾ വാഹനങ്ങൾക്ക്ന്യൂനത

പാലക്കാട്: സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി നടത്തിയ സ്കൂള്‍ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. പാലക്കാട്, ആലത്തൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, ചിറ്റൂര്‍ താലൂക്കുകളിലായി നടന്ന പരിശോധനയില്‍ 305 വാഹനങ്ങള്‍ പരിശോധിക്കുകയും 205 വാഹനങ്ങള്‍ക്ക് ന്യൂനതയുള്ളതായി കണ്ടെത്തുകയും ചെയ്തു. പരിശോധനക്കെത്തിയ ഡ്രൈവര്‍മാര്‍ക്കായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ന്യൂനതയുള്ള വാഹനങ്ങള്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് വീണ്ടും പരിശോധിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.

യൂനിഫോം, സ്കൂള്‍ ഐ.ഡി കാര്‍ഡ് ബസ് കണ്‍സഷനായി പരിഗണിക്കും

പാലക്കാട്: സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്ന പ്ലസ് ടു വരെയുള്ള വിദ്യാർഥികള്‍ക്ക് യൂനിഫോമോ സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡോ കണ്‍സഷന്‍ കാര്‍ഡിനു പകരമായി പരിഗണിക്കും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ മാത്രമേ വിദ്യാര്‍ഥികളെ കയറ്റൂ, പല ബസുകളിലായി യാത്ര തുടരാന്‍ പാടില്ല തുടങ്ങിയ സ്വകാര്യ ബസുകാരുടെ നിബന്ധനകള്‍ അനുവദനീയമല്ലെന്നും കൃത്യമായി ബസ് സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെ മാറ്റിനിര്‍ത്തുക, സ്റ്റോപ്പുകളില്‍ നിര്‍ത്താതെ വിദ്യാർഥികളെ ഓടിക്കുക, കൈ കാണിച്ചിട്ടും വണ്ടി നിര്‍ത്താതെ ഇരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ പ്രത്യേകമായി പരിശോധിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ അറിയുന്നതിന് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ ജില്ലയില്‍ കൂടുതല്‍ പരിശോധന ഉണ്ടാകുമെന്ന് ആർ.ടി.ഒ അറിയിച്ചു. പരിശോധനയുടെ ഭാഗമായി ജില്ല റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലും കീഴിലെ അഞ്ച് ആര്‍.ടി.ഒ ഓഫിസുകളിലും വാഹനപരിശോധന ഉറപ്പാക്കും.

Tags:    
News Summary - Inflation hits school budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.