കോരയാർ പുഴയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ നിലയിൽ
പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയിൽ കോരയാർ പുഴയിൽ മത്സ്യങ്ങളെ ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി 11.30ന് കൊയ്യമരക്കാട് പ്രദേശവാസികളാണ് പുതുശ്ശേരി പഞ്ചായത്ത് ഓഫിസിന് എതിർവശത്ത്, പുഴയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തത് കണ്ടെത്തിയത്. കഞ്ചിക്കോട് ബെമലിൽ തുടങ്ങി ഒരുപാട് വ്യവസായശാലകൾ വാളയാർ പുഴയുമായി അതിര് പങ്കിടുന്നുണ്ട്.
സമീപത്തെ സ്വകാര്യ കമ്പനികളിലെ രാസമാലിന്യം പുഴയിൽ തള്ളുന്നതാണ് പ്രശ്നത്തിന് കാരണമാണെന്നും പ്രദേശവാസികൾ ആരോപിച്ചു.
പുഴയിൽനിന്ന് രാസമാലിന്യങ്ങൾക്ക് സമാനമായ ദുർഗന്ധം വമിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചു.
വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് പ്രസീത, വൈസ് പ്രസിഡന്റ് അജീഷ്, പഞ്ചായത്ത് അംഗം എം. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ പ്രദേശം സന്ദർശിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ സ്ഥലത്തെത്തി പുഴയിലെ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇടക്കിടെ മത്സ്യങ്ങൾ പ്രദേശത്ത് ചത്തുപൊങ്ങാറുണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചതായി മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിൽ കുരുടിക്കാട് നരകംപള്ളി പുഴയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു. കൂടുതലായും മഴക്കാലത്താണ് ചത്തുപൊങ്ങാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.