ആനക്കര: തുടര്‍ച്ചയായി കാർത്യായനിയും പി.എം. അസീസും യു.ഡി.എഫിന്‍റെ പ്രതിനിധികളായി ഭരണം കൈയാളിയ ആനക്കരയില്‍ കഴിഞ്ഞതവണയും യു.ഡി.എഫിന് അനുകൂലമായാണ് നാട്ടുകാര്‍ വിധിയെഴുതിയത്. 1995-2000ല്‍ കാർത്യായനി പ്രസിഡന്‍റും അബ്ദുൽ അസീസ് വൈസ് പ്രസിഡന്‍റുമായുള്ള ഭരണസമിതി നിലവിൽ വന്നു. 2000-2005 സി.പി.എം ഭരണം പിടിച്ചു. വീണ്ടും 2005-2010 കാലയളവില്‍ അബ്ദുൽ അസീസ് പ്രസിഡന്‍റായുള്ള യു.ഡി.എഫ് സമിതിയും 2010-2015 വര്‍ഷം കാർത്യായനി പ്രസിഡന്‍റായുള്ള ഭരണസമിതിയും വന്നു.
വീണ്ടും 2015-2020ല്‍ സി.പി.എം ഭരിച്ചു. 2020ല്‍ തിരിച്ചുവന്ന് കോണ്‍ഗ്രസിന്‍റെ ഭരണം. ഭരണപ്രതിസന്ധി സൃഷ്ടിച്ച നാടകീയ രംഗങ്ങൾക്കാണ് പ്രസിഡന്‍റ് കെ. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സാക്ഷ്യംവഹിച്ചത്. ഘടകകക്ഷിയായ ലീഗിലെ ഒരംഗത്തിന് പ്രസിഡന്‍റ് സ്ഥാനം വേണമെന്ന ആവശ്യത്തോട് പക്ഷേ, തന്‍റെ കാലഘട്ടം പൂര്‍ത്തിയാകുന്നതിനിടെ മാറ്റം അനുവദിക്കില്ലെന്ന നിലപാട് മുഹമ്മദ് കൈകൊണ്ടു. അതോടെ മുന്നണിബന്ധത്തില്‍ വിള്ളല്‍ വീണു. പുതിയ ആവശ്യം അംഗീകരിക്കാന്‍ മുന്നണിയിലുള്ളവരെല്ലാം അനുകൂലിച്ചതോടെ മുഹമ്മദ് തനിച്ചായി. മേല്‍ഘടകങ്ങള്‍ വരെ ഇടപെട്ടെങ്കിലും വഴങ്ങാതെ നിന്ന മുഹമ്മദിനെ ഔദ്യോഗികമായി പാര്‍ട്ടി പുറത്താക്കി.
എന്നാല്‍, മുഹമ്മദിനെ തുണക്കാന്‍ പ്രതിപക്ഷത്തിന്‍റെ കരുതലുണ്ടെന്ന് തിരിച്ചറിഞ്ഞ അണികള്‍ പിന്തുണ തുടര്‍ന്നുവന്നു. ആസന്നമായ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുഹമ്മദിനെ തിരിച്ചെടുക്കാന്‍ നേതൃത്വത്തോട് ആവശ്യമുന്നയിച്ചെങ്കിലും തയാറായില്ല. അതിനിടെ മുഹമ്മദിന് ശാരീരികമായി സുഖമില്ലാതായതിനാൽ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും വിട്ടുനില്‍ക്കാന്‍ ഡോക്ടര്‍ നിർദേശിച്ചു. അതേസമയം, തന്‍റെ പിതൃതുല്യനായ സഹോദരനെ പാര്‍ട്ടി തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഹമ്മദിന്‍റെ സഹോദരന്‍ അബ്ദുൽ മജീദ് 12ാം വാര്‍ഡ് പുറമതില്‍ശേരിയില്‍ യു.ഡി.എഫ് വിമത സ്ഥാനാർഥിയായി മത്സരിക്കുകയാണ്. ആകെ 15 വാര്‍ഡുകളില്‍ ഏഴ് സീറ്റാണ് എല്‍.ഡി.എഫിന്. ഏഴ് കോണ്‍ഗ്രസ്, രണ്ട് ലീഗുമായി ഒമ്പത് പേരടങ്ങുന്നതാണ് യു.ഡി.എഫ് ഭരണസമിതി.
രണ്ട് സീറ്റിന്‍റെ പിന്‍ബലം മാത്രമുള്ള ഭരണകക്ഷിയുടെ പാര്‍ട്ടിക്ക് ഇത്തവണ എത്രകണ്ട് വിജയിക്കാന്‍ പറ്റുമെന്നതിലാണ് പ്രാധാന്യം. അതേസമയം, സി.പി.എമ്മുമായി അണിയറബന്ധം പുലര്‍ത്തുകയും യു.ഡി.എഫ് ഭരണത്തില്‍ നിയോഗിച്ച ജീവനക്കാരില്‍ പലരേയും പിരിച്ചുവിട്ട് സി.പി.എം ആളുകളെ നിയോഗിച്ച് വിമതപ്രവര്‍ത്തനം നടത്തുകയും ചെയ്ത മുഹമ്മദിനെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.