1973ൽ സന്തോഷ് ട്രോഫി നേടിയ താരങ്ങളെ പട്ടാമ്പി എം.ഇ.എസ് സ്കൂളിൽ ആദരിച്ചപ്പോൾ
പട്ടാമ്പി: 1973ൽ സന്തോഷ് ട്രോഫി ആദ്യമായി കേരളത്തിലെത്തിച്ച കളിക്കാർക്ക് എം.ഇ.എസ് ഇന്റർനാഷനൽ സ്കൂളിന്റെ ആദരം. സന്തോഷ് ട്രോഫി വിജയത്തിന്റെ അമ്പതാം വർഷം പൂർത്തിയാകുന്ന ഘട്ടത്തിലെ ആദ്യ സ്വീകരണത്തിനാണ് പട്ടാമ്പി ആതിഥ്യം വഹിച്ചത്. സ്കൂളിൽ തുടങ്ങുന്ന സോക്കർ സ്കൂളിന്റെ ലോഞ്ചിങ് വേദിയാണ് 1973ലെ മിന്നും താരങ്ങളെക്കൊണ്ട് പ്രോജ്ജ്വലമായത്.
26 അംഗങ്ങളിൽ ജീവിച്ചിരിക്കുന്ന 18 പേരാണ് പങ്കെടുത്തത്. വൈസ് ക്യാപ്റ്റൻ ടി.എ. ജാഫർ, ഗോൾ കീപ്പർമാരായിരുന്ന വിക്ടർ മഞ്ഞില, കെ.പി. സേതുമാധവൻ, എൻ.കെ. ഇട്ടി മാത്യു, മറ്റു കളിക്കാരായ ജി. രവീന്ദ്രൻ നായർ, എൻ.വി. ബാബു നായർ, പി.പി. പ്രസന്നൻ, എം. മിത്രൻ, പി. പൗലോസ്, സി.സി. ജേക്കബ്, പി. അബ്ദുൽ ഹമീദ്, കെ.പി. വില്യംസ്, എ. സേവ്യർ പയസ്, വി. ബ്ലാസി ജോർജ്, എ. നജ്മുദീൻ, എം.ആർ. ജോസഫ്, ടി.എ. ടൈറ്റസ് കുര്യൻ, ഡോ. എം.ഐ. മുഹമ്മദ് ബഷീർ എന്നിവർ ആദരം ഏറ്റുവാങ്ങി.
മുഴുവൻ താരങ്ങളെയും എം.ഇ.എസ് ജില്ല പ്രസിഡന്റ് സി.യു. മുജീബും മറ്റു സ്കൂൾ ഭാരവാഹികളും പൊന്നാടണിയിച്ച് മെമന്റൊ നൽകി ആദരിച്ചു. സ്കൂൾ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ ക്യാഷ് അവാർഡ് നൽകി.താരങ്ങളുടെ അനുഭവ വിവരണം സദസ്സ് കൈയടികളോടെ സ്വീകരിച്ചു.
പട്ടാമ്പി: എം.ഇ.എസ് ഇന്റർനാഷണൽ സ്കൂളിൽ സോക്കർ സ്കൂളിന് വർണാഭ തുടക്കം. നഗരസഭ അധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ അധ്യക്ഷനായി.സോക്കർ സ്കൂൾ ഡിജിറ്റൽ ലോഞ്ചിങ് മുൻ ഫുട്ബാൾ താരം ഡോ. രാജഗോപാലൻ നിർവഹിച്ചു. സന്തോഷ് ട്രോഫി വിജയത്തിന്റെ സുവർണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി കെ.എഫ്.എ ട്രഷറർ എം. ശിവകുമാർ ഫുട്ബാൾ മാതൃകയിലുള്ള ബലൂണുകൾ പറത്തി.
സോക്കർ സ്കൂൾ ബാനർ ചടങ്ങിൽ പ്രകാശനം ചെയ്തു. കെ.പി. സേതുമാധവൻ, ടി.എ. ജാഫർ, സി.സി. ജേക്കബ്, വിക്ടർ മഞ്ഞില, ഡോ. ഷറഫുദ്ദീൻ കടമ്പോട്ട്, പി. സുധാകരൻ, ഡോ. കെ.പി. അബൂബക്കർ എന്നിവർ സംസാരിച്ചു. എം.ഇ.എസ് ജില്ല പ്രസിഡന്റ് സി.യു. മുജീബും മറ്റു ഭാരവാഹികളും ടീമംഗങ്ങളെ ആദരിച്ചു. പ്രിൻസിപ്പൽ ആശ ബൈജു സ്വാഗതവും സ്കൂൾ സെക്രട്ടറി ഡോ. എ. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.