മുസ്​രിസ്​: ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്​ 3.29 കോടി

കൊടുങ്ങല്ലൂർ: മുസ്​രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി വിവിധ ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്​ സർക്കാർ 3.29 കോടി രൂപ അനുവദിച്ചു. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം, കീഴ്ത്തളി ശിവ ക്ഷേത്രം, എസ്.എൻ പുരം നെൽപിനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തൃപ്പേക്കുളം ശിവക്ഷേത്രം, ചേരമാൻ ജുമാമസ്ജിദ്, അഴിക്കോട് മാർത്തോമ പള്ളി, കോട്ടക്കാവ് പള്ളി തുടങ്ങിയ ആരാധനാലയങ്ങളുടെ വികസനത്തിനാണ് മുസ്​രിസ് പൈതൃക പദ്ധതിക്ക് പണം അനുവദിച്ചത്. സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ടോയ്​ലറ്റ് ബ്ലോക്കുകൾ, സൗരോർജ വിളക്കുകൾ, പടിവാതിലുകൾ, സൈക്കിൾ പാർക്കിങ് ഷെഡുകൾ, മാലിന്യ നിക്ഷേപിണി തുടങ്ങിയവ സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. മുസ്​രിസ് പദ്ധതിക്ക് കീഴിൽ വിവിധ ഘട്ടങ്ങളിലുള്ള നിർമാണ പ്രവൃത്തികൾ ത്വരിതഗതിയിൽ പൂർത്തീകരിക്കാൻ പദ്ധതി അവലോകന യോഗത്തിൽ എം.എൽ.എമാരായ വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ എന്നിവർ ഇൻകൽ അധികൃതർക്ക് നിർദേശം നൽകി. പദ്ധതി പ്രദേശത്തെ ജനപ്രതിനിധികളും ആരാധനാലയ പ്രതിനിധികളുമായി ചർച്ച ചെയ്ത് തുടർ പ്രവർത്തനങ്ങൾ ഉടൻ കൈക്കൊള്ളുമെന്ന് മുസ്​രിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.