ദേശീയ പണിമുടക്ക്‌: പ്രചാരണ ജാഥ തിങ്കൾ മുതൽ

പാലക്കാട്‌: 28, 29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിന്‍റെ പ്രചാരണാർഥം സംയുക്ത ട്രേഡ്‌ യൂനിയന്‍റെ രണ്ട്‌ ജാഥകൾ പര്യടനം നടത്തുമെന്ന്‌ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 21 മുതൽ 23 വരെയാണ്‌ ജില്ലയിൽ ജാഥ പര്യടനം. സി.ഐ.ടിയു ജില്ല സെക്രട്ടറി എം. ഹംസ നയിക്കുന്ന പടിഞ്ഞാറൻ മേഖല പ്രചാരണ ജാഥ തിങ്കളാഴ്ച വൈകീട്ട്​ അഞ്ചിന്‌ മണ്ണാർക്കാട്ട്‌ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ ചിങ്ങന്നൂർ മനോജ്‌ ഉദ്‌ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എസ്‌.ബി. രാജുവാണ്‌ ജാഥ മാനേജർ. എസ്.‌ടി.യു ജില്ല സെക്രട്ടറി നാസർ കൊമ്പത്താണ്‌ വൈസ്‌ ക്യാപ്റ്റൻ. വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി 23ന്‌ വൈകീട്ട്​ ആറിന്‌ കൂറ്റനാട്‌ പടിഞ്ഞാറങ്ങാടിയിൽ സമാപിക്കും. കിഴക്കൻ മേഖല പ്രചാരണ ജാഥ 21ന്‌ വൈകീട്ട്​ അഞ്ചിന്‌ കഞ്ചിക്കോട്ട്‌ സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ പി.കെ. ശശി ഉദ്‌ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.സി. ജയപാലൻ ക്യാപ്‌റ്റനായ ജാഥയുടെ മാനേജർ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. അച്യുതനാണ്‌. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം ആർ. നാരായണനാണ്‌ വൈസ്‌ ക്യാപ്റ്റൻ. 23ന്‌ വൈകീട്ട്​ ആറിന്‌ വടക്കഞ്ചേരിയിലാണ്‌ സമാപനം. പണിമുടക്ക്‌ വിജയിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും അണിചേരണമെന്ന്‌ ഭാരവാഹികൾ അഭ്യർഥിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി എം. ഹംസ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.കെ. അച്യുതൻ, എസ്‌.ബി. രാജു, ഓൾ കേരള ഹെഡ്‌ലോഡ്‌ വർക്കേഴ്‌സ്‌ യൂനിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി കെ. വേലു, എസ്‌.ടി.യു സംസ്ഥാന കമ്മിറ്റിയംഗം പി.പി. മുഹമ്മദ്‌ കാസിം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.