നാട്ടിലിറങ്ങിയ കാട്ടുപോത്തിനെ കാടുകയറ്റി

ചിറ്റൂർ: ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. വിളയോടിയ്ക്ക് സമീപം വേമ്പ്രയിലാണ് കാട്ടുപോത്തിറങ്ങിയത്. വനം വകുപ്പിന്‍റെ നേതൃത്വത്തിൽ ഇതിനെ രാത്രിയോടെ കാട്ടിലേക്ക് തുരത്തി. തിങ്കളാഴ്ച പുലർച്ചയാണ് പെരുമാട്ടി പഞ്ചായത്തിലെ വേമ്പ്രയിൽ കാട്ടുപോത്തിനെ കണ്ടത്. ജനവാസ മേഖലയോട് ചേർന്ന കൃഷിത്തോട്ടത്തിൽ കാട്ടുപോത്ത് നിലയുറപ്പിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറ മേഖലയിൽ കണ്ട കാട്ടുപോത്താണിതെന്ന് കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പറഞ്ഞു. വാളയാർ ഭാഗത്തുനിന്ന്​ വഴിതെറ്റി വന്നതാണെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. ആദ്യമായാണ് ഈ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഉച്ചയോടെ വനം വകുപ്പിന്‍റെ നേതൃത്വത്തിൽ കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. കാട്ടുപോത്തിനെ പറമ്പിക്കുളത്തോട് ചേർന്ന ചമ്മണാംപതി മേഖലയിലേക്ക് തുരത്താനാണ് വനം വകുപ്പ് ശ്രമിച്ചത്. രാത്രി ആറോടെ മീങ്കര ഡാം വരെയെത്തിച്ച കാട്ടുപോത്തിനെ 7.30ഓടെ കാട്ടിലേക്ക് ഓടിച്ച് കയറ്റി. വേമ്പ്ര മലയോരത്തുനിന്ന്​ 15 കിലോമീറ്റർ അകലെയുള്ള ചെമ്മണാംപതി ഇടക്ക്പാറക്ക്​ സമീപമുള്ള വനമേഖലയിലേക്കാണ് കാട്ടുപോത്തിനെ കയറ്റിവിട്ടത്. ഡി.എഫ്.ഒ സി. അനീഷ്, റേഞ്ച് ഓഫിസർ സി. ഷെരീഫ്, ഫോറസ്റ്റ് ബീറ്റ് ഓഫിസർ ആർ. സൂര്യപ്രകാശൻ, സി.എച്ച്. മണിയൻ, മുരളീധരൻ, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘവും മീനാക്ഷിപുരം സി.ഐ ജെ. മാത്യുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവുമാണ് കാട്ടുപോത്തിനെ സുരക്ഷിത മേഖലയിലേക്ക് എത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.