ആകാശത്ത്​ സൈക്കിളോടിക്കാം, ഡബിൾ ബെല്ലടിച്ച്​ പോത്തുണ്ടി ഡാം ഉദ്യാനം

പാലക്കാട്: ആകാശ സൈക്കിള്‍ സവാരിയടക്കം സാഹസിക ടൂറിസത്തിന് പ്രാധാന്യം നല്‍കി മികച്ച വിനോദസഞ്ചാര അനുഭവങ്ങളുമായി പോത്തുണ്ടി ഡാം ഉദ്യാനം സഞ്ചാരികളെ കാത്തിരിക്കുന്നു. നെല്ലിയാമ്പതി മലനിരകളുടെ പ്രവേശന കവാടവും നെല്ലിയാമ്പതി സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ ഇടത്താവളവുമായ പോത്തുണ്ടി ഡാമും ഉദ്യാനവും സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി. ടൂറിസം വകുപ്പ് നാലുകോടി രൂപ ചെലവിലാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സാഹസികവും മാനസികവുമായ ഉല്ലാസത്തിന് ഉതകുന്ന രീതിയില്‍ ഉദ്യാനത്തിലെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ഉദ്യാനത്തില്‍ സാഹസിക സ്‌പോര്‍ട്‌സ്, കുട്ടികളുടെ കളിസ്ഥലം, കിയോസ്‌ക്, ടോയ്‌ലറ്റ്, നടപ്പാത, കുടിവെള്ള വിതരണം, പ്രവേശന കവാടം, വേലി, നിലവിലെ ടോയ്‌ലറ്റ് ബ്ലോക്ക് നവീകരണം, മഴക്കുടില്‍, പോഡിയം, വൈദ്യുതീകരണം, നിരപ്പാക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയത്. ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും ശുചിത്വവും പച്ചപ്പും മികച്ച അന്തരീക്ഷവും ഉറപ്പുവരുത്തി സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും നല്‍കുക. മംഗലം ഡാം ഉദ്യാനത്തിലും നവീകരണം സഞ്ചാരികൾക്കായി മംഗലം ഡാം ഉദ്യാനത്തിലും നവീകരണം നടത്തി. പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള വ്യൂ പോയൻറ്​, റോപ്പ് കോഴ്‌സ്, കുട്ടികള്‍ക്കായുള്ള കളി സൗകര്യങ്ങള്‍, കുളം, മഴക്കുടില്‍, ഇരിപ്പിടങ്ങള്‍, സ്​റ്റേജ്, വൈദ്യുതീകരണം, ഇൻറര്‍ലോക്ക്, കമ്പോസ്​റ്റിങ് പ്ലാൻറ്​ തുടങ്ങി 4.76 കോടിയുടെ പ്രവൃത്തികളാണ് ഉദ്യാനത്തില്‍ നടപ്പാക്കിയത്. പൊതുമേഖല സ്ഥാപനമായ വാപ്കോസ് ലിമിറ്റഡാണ് നിര്‍വഹണ ഏജന്‍സി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.