റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്തൽ: വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെട്ടു

അവധി ദിനങ്ങളിൽ തുറക്കരുതെന്ന ഉത്തരവ് മറികടന്നായിരുന്നു തട്ടിപ്പ് പാലക്കാട്: ഓണാവധി ദിവസങ്ങളിൽ റേഷൻസാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്തിയ സംഭവത്തിൽ പരിശോധന നടത്തി വിശദറിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ സപ്ലൈകോ വിജിലൻസ് ജില്ല സപ്ലൈ ഓഫിസർമാരോട് ആവശ്യപ്പെട്ടു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ഭക്ഷ്യപൊതുവിതരണവകുപ്പി​ൻെറ നിർദേശത്തെ തുടർന്നാണ് നടപടി. ആഗസ്​റ്റ്​ 31 മുതൽ സെപ്​റ്റംബർ രണ്ട്​ വരെ വിതരണം നടത്തിയ റേഷൻകടകളിൽ പരിശോധന നടത്തി കാർഡുടമകളിൽ നിന്ന്​ വിവരം ശേഖരിക്കാനും നിർദേശമുണ്ട്. ആഗസ്​റ്റ്​ 31 മുതൽ സെപ്​റ്റംബർ രണ്ട്​ വരെ അവധിയായിരുന്നു. സിവിൽ സപ്ലൈസ് ഡയറക്​ടറുടെ നിർദേശമില്ലാതെ അവധി ദിനങ്ങളിൽ കടകൾ തുറക്കരുതെന്ന ഉത്തരവ് മറികടന്നാ‍ണ് തട്ടിപ്പ് നടത്തിയത്. 512 വ്യാപാരികൾ തിരുവോണത്തിനും മൂന്നാം ഓണത്തിനും ചതയദിനത്തിനും ഇ പോസ് വഴി ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണക്കാക്കുന്നത്. സർവർ തകരാറിനെ തുടർന്ന് പലയിടങ്ങളും വിതരണം തടസ്സപ്പെടുന്നെന്ന വ്യാപാരി സംഘടനകളുടെ പാരാതിയിലാണ് ആഗസ്​റ്റ്​ 29 മുതൽ മാന്വൽ വിതരണത്തിന് അനുമതി നൽകിയത്. കാലതാമസം കണക്കിലെടുത്ത് ആഗസ്​റ്റിലെ വിതരണം സെപ്​റ്റംബർ അഞ്ച് വരെ നീട്ടിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ചില കടയുടമകൾ തട്ടിപ്പ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.