കണ്ണടച്ച തെരുവുവിളക്കും കണക്ക്​ തെറ്റിയ ലാപ്ടോപ്പ്​ വിതരണവും

* 30നകം തെരുവ് വിളക്ക് കത്തിക്കുമെന്ന് ചെയർമാൻ * നികുതി അടക്കാൻ താഴെ ഓഫിസിൽ ക്രമീകരണം ഏർപ്പെടുത്തും ഒറ്റപ്പാലം: ലക്ഷങ്ങൾ ചെലവിട്ടിട്ടും മിഴി തുറക്കാത്ത തെരുവ് വിളക്കുകളും എസ്.സി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വിതരണത്തിലെ ക്രമക്കേടും കൗൺസിൽ അംഗീകരിച്ച പരിഹാര നടപടികൾ നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയും ചൊവ്വാഴ്ചയിലെ അടിയന്തര കൗൺസിൽ യോഗത്തിലെ ചൂടേറിയ ചർച്ചയായി. യോഗത്തിൻെറ മുൻ തീരുമാന പ്രകാരം പ്രത്യേക അന്വേഷണ സമിതി നടത്തിയ അന്വേഷണത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ അർഹരായ വിദ്യാർഥികൾക്ക് നഗരസഭ പദ്ധതി പ്രകാരമുള്ള ലാപ്ടോപ്പ് ലഭിച്ചിട്ടില്ലെന്നും അതേസമയം, അനർഹർക്ക് വിതരണം നടത്തിയതായും കണ്ടെത്തിയിരുന്നു. കൂടുതൽ മാർക്ക് നേടിയവരെ ഒഴിവാക്കിയാണ് കുറഞ്ഞ മാർക്കുള്ളവരെ അർഹരായി പരിഗണിച്ചത്. ഇതിൻെറ അടിസ്ഥാനത്തിൽ വിദ്യാർഥികളെ വിളിച്ചുവരുത്തി യോഗ്യതയുള്ള വിദ്യാഥികൾക്ക് സെപ്റ്റംബർ 15നകം ലാപ്ടോപ്പ് വിതരണം നടത്താനും അർഹരല്ലാത്തവരായി കണ്ടെത്തിയവരിൽ നിന്ന് ലാപ്ടോപ്പ് തിരികെ വാങ്ങാതെ ഇതി​ൻെറ സംഖ്യ നിർവഹണ ഉദ്യോഗസ്ഥനിൽ നിന്ന്​ ഈടാക്കാനും കഴിഞ്ഞ കൗൺസിലിൽ എടുത്ത തീരുമാനം അട്ടിമറിക്കപ്പെ​ട്ടെന്നാണ് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചത്. നിർവഹണോദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം ലഭിക്കാത്തതാണ് തീരുമാനം നടപ്പാക്കുന്നതിന് താമസം നേരിട്ടതെന്ന് സെക്രട്ടറി അറിയിച്ചു. അതേസമയം, 15ന് തീരുമാനം നടപ്പാക്കണമെന്നിരിക്കെ വിശദീകരണം ആവശ്യപ്പെട്ട് നിർവഹണ ഉദ്യോഗസ്ഥന് കത്ത് നൽകിയത് 11ന് മാത്രമാണെന്ന് കണ്ടെത്തി. പ്രതിഷേധവുമായി യു.ഡി.എഫ് അംഗങ്ങളായ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സെപ്റ്റംബർ 30നകം നടപടിക്രമങ്ങൾ പൂർത്തിയാക്കി ലാപ്ടോപ്പ് വിതരണം നടത്തുമെന്നും അതുവരെ നിർവഹണ ഉദ്യോഗസ്ഥൻ വീണ്ടും അവധിയെടുപ്പിക്കാനും തീരുമാനിച്ചു. ത്രൈമാസം നിശ്ചയിച്ച തുക കൃത്യമായി നൽകാത്തതാണ് തെരുവ് വിളക്ക് പരിപാലനത്തിൽ കരാറുകാരൻ അനാസ്ഥ കാട്ടാൻ കാരണമാകുന്നതെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. ലത പറഞ്ഞു. കരാറുകാരനെ വിളിച്ചുവരുത്താനും 30നകം തെരുവ് വിളക്ക് കത്തിക്കുമെന്നും ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അറിയിച്ചു. നികുതി അടക്കാൻ എത്തുന്നവർ പലതവണ ഒന്നാം നിലയിൽ കയറേണ്ടി വരുന്നത് ഒഴിവാക്കാൻ പഴയ രജിസ്​റ്ററുകൾ താഴെ ഓഫിസിലെത്തിച്ച് പരിശോധിക്കാൻ ക്രമീകരണം ഏർപ്പെടുത്താനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.