കടകളിൽ മോഷണം; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാലുപേർ അറസ്​റ്റിൽ

തൃശൂര്‍: ലോക്ഡൗണ്‍ സമയത്ത് അടഞ്ഞുകിടന്നിരുന്ന കടകളില്‍ മോഷണം നടത്തിയ നാലു പേരെ തൃശൂര്‍ ഈസ്​റ്റ്​ പൊലീസ് അറസ്​റ്റ്​ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരും കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിയായ ആരിഫ് (33), ചെന്നൈ റെഡ് ഹില്‍സ് സ്വദേശി ശിവ (24) എന്നിവരുമാണ് അറസ്​റ്റിലായത്. ശക്തൻ സ്​റ്റാന്‍ഡിനു സമീപത്തെ മൊബൈല്‍ ഷോപ്പുടമയുടെ പരാതിയിലാണ് അറസ്​റ്റ്​. അടച്ചിട്ടിരുന്ന മൊബൈല്‍ ഷോപ്പിൻെറ ഷട്ടറില്‍ കേടുപാട് കണ്ടതിനെ തുടര്‍ന്ന് ഉടമ പരിശോധിച്ചപ്പോഴാണ് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ മോഷണം പോയതായി മനസ്സിലാക്കിയത്. പത്തു മൊബൈല്‍ ഫോണുകളും ഒരു ടാബും ഇവിടെ നിന്ന് കവർന്നിരുന്നു. ഷട്ടറിൻെറ പൂട്ടുപൊളിക്കാതെയാണ് ഇവര്‍ അകത്തു കയറിയത്. സമാന രീതിയില്‍ എം.ജി റോഡിലെ മൊബൈല്‍ ഷോപ്പിലും കവര്‍ച്ച നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. അടച്ചിട്ട ഷട്ടറുകളുടെ ഒരു ഭാഗം മാത്രം ലോക്ക് ചെയ്തിട്ടുള്ള കടകളില്‍ പകല്‍ സമയത്ത്​ കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി. ഷട്ടറിൻെറ ലോക്ക്​ ചെയ്യാത്ത ഭാഗം ഉയര്‍ത്തി കുട്ടികളെ അകത്തേക്കു കയറ്റിയാണ് മോഷണം. ഈസ്​റ്റ്​ സി.ഐ. ലാല്‍കുമാറിൻെറ നേതൃത്വത്തിലായിരുന്നു അറസ്​റ്റ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.