പ്രതിഷേധം ഫലം കണ്ടു; കേന്ദ്രീയ വിദ്യാലയത്തിൽ ആറ് തുല്യ ഗഡുക്കളായി ഫീസടക്കാം

കെ. പരമേശ്വരൻ തൃശൂർ: കേരളത്തിലെ കേന്ദ്രീയ വിദ്യാലയ വിദ്യാർഥികളുടെ 2015 മുതലുള്ള ഫീസ് കുടിശ്ശിക മൂന്ന് ഗഡുക്കളായി പിരിക്കാനുള്ള തീരുമാനത്തിൽ മാറ്റംവരുത്തി. ജൂലൈ, ഒക്ടോബർ, 2021ജനുവരി മാസങ്ങളിലായി കുടിശ്ശിക തുക പിരിക്കാനുള്ള തീരുമാനം പരിഷ്കരിച്ച് എറണാകുളം റീജനൽ ഓഫിസ് നിർദേശം ഇറക്കി. രക്ഷിതാക്കളുടെ എതിർപ്പിനെത്തുടർന്നാണിത്. ജൂലൈ മുതൽ 2021 ഡിസംബറിൽ അവസാനിക്കുന്ന ആറ് തുല്യ ഗഡുക്കളായി ഫീസ് കുടിശ്ശിക അടക്കാമെന്നാണ് പുതിയ ഉത്തരവ്. ഇതുപ്രകാരം ആദ്യ ഗഡു ഫീസ് കുടിശ്ശിക ജൂലൈയിലെ രണ്ടാം ടേം ഫീസിനൊപ്പം ഈടാക്കിത്തുടങ്ങി. ഇതോടെ കുടിശ്ശിക ബാധ്യത തീർക്കാൻ രക്ഷിതാക്കൾക്ക് കൂടുതൽ സമയം ലഭിക്കും. 2014 കേന്ദ്രീയ വിദ്യാലയ ഫീസ് ഇരട്ടിയാക്കി വർധിപ്പിച്ചത് ഹൈകോടതി സ്​റ്റേ ചെയ്തിരുന്നു. രക്ഷിതാക്കളുടെ കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. ഇതോടെ 2015 മുതൽ വർധിപ്പിച്ച ഫീസ് തുക ഈടാക്കുന്നത് 2015 മുതൽ കേരളത്തിൽ മാത്രം നടപ്പായില്ല. മറ്റ് സംസ്ഥാനങ്ങളിൽ രക്ഷിതാക്കൾ ഇത്തരം ശ്രമം നടത്തിയതുമില്ല. സമീപകാലത്ത് കേന്ദ്രീയ വിദ്യാലയ സംഘാതൻ സുപ്രീംകോടതിയെ സമീപിച്ച് കേരള ഹൈകോടതിയുടെ സ്​റ്റേ ഒഴിവാക്കിച്ചതാണ് കുടിശ്ശിക പിരിവിന് വഴിവെച്ചത്. ദിവസം രണ്ട്-മൂന്ന് മണിക്കൂർ ഓൺലൈൻ ക്ലാസാണ് നടക്കുന്നതെങ്കിലും ഏപ്രിൽ, ജൂലൈ മാസങ്ങളിൽ ടേം ഫീസ് ഈടാക്കിയിട്ടുണ്ട്. ഇതിനൊപ്പമാണ് കുടിശ്ശിക പിരിവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.