കെ-റെയിലിന്​ എതിര് നിൽക്കുന്നവർ വികസനം മുടക്കികൾ -മുഖ്യമന്ത്രി

പാലക്കാട്​: ​കെ-റെയിലിന്​ എതിര് നിൽക്കുന്നവർ വികസനം മുടക്കികളാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്​.കെ.ടി.യു സംസ്ഥാന സ​മ്മേളനത്തിന്‍റെ സമാപന റാലി ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന വഴിയിൽ മുന്നേറാൻ ഗതാഗത തടസ്സമില്ലാ​ത്ത, വേഗമാർന്ന സഞ്ചാരമാർഗം ​കേരളത്തിന്​ അനിവാര്യമാണ്​. റോഡ്​ വികസനം താൽക്കാലിക പരിഹാരം മാത്രമാണ്​. വാഹനങ്ങൾ പെരുകുകയാണ്​. നല്ല വേഗതയിൽ സഞ്ചരിക്കാൻ സാധ്യമായ ട്രെയിനുകളാണ്​ സ്ഥിരമായ പരിഹാരം. ഹൈസ്പീഡ്​ ട്രെയിനുകളെക്കുറിച്ച്​ യു.ഡി.എഫ്​ ആലോചിച്ചിരുന്നു. എന്നാൽ, ഇടക്ക്​ സ്​റ്റോപ്പുകൾ ആവശ്യമുള്ള സെമി-ഹൈസ്പീഡ്​ ട്രെയിനുകളാണ്​ ​കേരളത്തിന്​ നല്ലതെന്നാണ്​ എൽ.ഡി.എഫ് കണ്ടത്​. നാടിന്​ ഗുണമുള്ള ഈ പദ്ധതി​ എൽ.ഡി.എഫ്​ ചെയ്യരുത്​ എന്നാണ്​ യു.ഡി.എഫിന്‍റെ നിലപാട്​. വികസനം മുടക്കുകയാണ്​ പ്രതിപക്ഷം. വികസനത്തിന്​ സ്ഥലമെടുപ്പ്​ അനിവാര്യമാണ്​. ദേശീയപാതക്കും ഗെയിലിനും മറ്റും സ്ഥലം നൽകിയവർക്ക്​ മോഹവിലയാണ്​ സർക്കാർ നൽകിയത്​. സർക്കാർ ആരെയും വഴിയാധാരമാക്കില്ല. കക്ഷിരാഷ്ട്രീയത്തിന്​ അതീതമായി വികസനത്തിന്​ ഒപ്പം നിൽക്കുകയാണ്​ എല്ലാവരും വേണ്ടത്​. വികസന കാര്യത്തിൽ സങ്കുചിത രാഷ്​​ട്രീയം കളിക്കുന്നവരെ തള്ളി മുന്നോട്ടുപോകാൻ നമുക്ക്​ കഴിയണമെന്നും പിണറായി വിജയൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത്​ ഇടപെട്ടതുപോലെ, ഉന്നതവിദ്യാഭ്യാസ മേഖലയിലും സർക്കാർ വലിയ ഇടപെടലുകൾക്ക്​ തുടക്കമിടുകയാണ്​. കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴിയുടെ 80 ശതമാനം സ്ഥലമെടുപ്പും പൂർത്തിയായി. ​ഐ.ടി സ്റ്റാർട്ട്​അപ്പുകളടക്കം വ്യവസായ രംഗത്ത്​ വൻ കുതിപ്പിനാണ്​ നാട്​ സാക്ഷിയാകാൻ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.