ഗ്രീ​ന്‍ഫീ​ല്‍ഡ് പാ​ത​ക്ക് കു​റ്റി​യ​ടി​ക്കാ​നാ​യി റ​വ​ന്യൂ സം​ഘം

വാ​ഴ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ചി​രി​ക്കാ​വി​ൽ

എ​ത്തി​യ​പ്പോ​ള്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന നാ​ട്ടു​കാ​ര്‍

ഗ്രീ​ന്‍ഫീ​ല്‍ഡ് പാ​ത; വാ​ഴ​ക്കാട്ട് കുറ്റിയടി തടഞ്ഞ് നാ​ട്ടു​കാ​ര്‍

വാഴക്കാട്: കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാത സ്ഥലമെടുപ്പിനു മുന്നോടിയായുള്ള കുറ്റിയടി വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് വാഴക്കാട് പുഞ്ചിരിക്കാവിൽ പ്രതിഷേധവുമായി ഒത്തുകൂടിയത്. പഞ്ചായത്തിലെ 14, 15 വാർഡുകളിൽപെട്ട പാത കടന്നുപോകുന്ന സ്ഥലത്ത് കുറ്റിയടിക്കാൻ എത്തിയതായിരുന്നു റവന്യൂ സംഘം. പ്രതിഷേധം നടക്കുമെന്ന രഹസ്യവിവരം ലഭിച്ചതിനാല്‍ വന്‍ പൊലീസ് സന്നാഹത്തോടെയാണ് സ്ഥലം ഏറ്റെടുക്കല്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ ഡോ. അരുൺ കുമാറും സംഘവും സ്ഥലത്തെത്തിയിരുന്നത്. വീടും സ്ഥലവും നഷ്ടപ്പെടുന്നവർ മുദ്രാവാക്യങ്ങളുമായി ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിഷേധം കനത്തപ്പോൾ കുറ്റിയടിക്കാതെ ഉദ്യോഗസ്ഥർ തിരിച്ചുപോവുകയാണുണ്ടായത്.

ചീക്കോട് ഗ്രാമപഞ്ചായത്തിലെ എളങ്കാവിൽ രണ്ടാഴ്ച മുമ്പ് കുറ്റിയടി പൂര്‍ത്തിയായിരുന്നു. വാഴക്കാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാവിലെതന്നെ ചെറുവായൂരിലെത്തിയപ്പോള്‍ ബാനറും പ്ലക്കാര്‍ഡുകളുമായെത്തിയ നാട്ടുകാരാണ് വരവേറ്റത്. ജനകീയ ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ നാട്ടുകാര്‍ റവന്യൂ സംഘത്തെ തടഞ്ഞു. നഷ്ടപരിഹാരം സംബന്ധിച്ച കൃത്യമായ വിശദീകരണം നല്‍കാതെ കുറ്റിയടി അനുവദിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. മുദ്രാവാക്യംവിളി തുടര്‍ന്നതോടെ ഡെപ്യൂട്ടി കലക്ടര്‍ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഡെപ്യൂട്ടി കലക്ടറുടെ വിശദീകരണത്തില്‍ തൃപ്തരല്ലെന്നും സമരം ശക്തമാക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. തുടർന്ന് വൈകീട്ട് മൂന്നിന് കലക്ടറുടെ ചേംബറിൽ കലക്ടർ, ടി.വി. ഇബ്രാഹിം എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ചർച്ച നടത്തി. ഇരകളുടെ സ്പെഷൽ പാക്കേജ് ആവശ്യം മന്ത്രിസഭക്കോ മുഖ്യമന്ത്രിക്കോ മാത്രമേ തീരുമാനിക്കാനാവൂ എന്നും പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും ഉറപ്പുനൽകിയതായും അറിയുന്നു.

News Summary - Greenfield Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.