മലപ്പുറം: വിനോദ സഞ്ചാര കുതിപ്പിനായി ജില്ല ടൂറിസം പ്രമേഷൻ കൗൺസിൽ(ഡി.ടി.പി.സി) നടപ്പാക്കുന്ന ടൂറിസം യജ്ഞം പദ്ധതി ഒക്ടോബർ അവസാനത്തോടെ തുടക്കം കുറിക്കും. ഇതിനുള്ള നടപടികൾ ഡി.ടി.പി.സി ആരംഭിച്ചു. കോളജുകളിൽ നടപ്പാക്കുന്ന ടൂറിസം ക്ലബുകളുടെ സഹകരണത്തോടെയാണ് ടൂറിസം യജ്ഞം നടപ്പാക്കുന്നത്.
ജില്ലയിൽ ആദ്യഘട്ടത്തിൽ 39 കോളജുകളിൽ ടൂറിസം ക്ലബുകൾ രൂപവത്കരിക്കാൻ അധികൃതർ നിശ്ചയിച്ചിരുന്നു. ടൂറിസം ക്ലബുകളുടെ രൂപവത്കരണം വേഗത്തിൽ പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. നവംബർ, ഡിസംബർ മാസങ്ങളിൽ ക്ലബുകൾ വഴി വിപുലമായ തരത്തിൽ പ്രചാരണം നടത്താനാണ് ആലോചന. കോളജുകളിലെ ടൂറിസം ക്ലബുകൾക്ക് സെപ്റ്റംബറിൽത്തന്നെ പ്രാഥമിക അനുമതി ടൂറിസം വകുപ്പ് നൽകിയിരുന്നു.
നിലവിൽ കോളജുകളുടെയും കോഴ്സുകളുടെയും അക്കാദമിക നിലവാരത്തിന്റെയും പരിശോധനയും വിദ്യാർഥികളുടെ വിവരശേഖരവുമാണ് പൂർത്തീകരിക്കുന്നത്. 50 പേർക്കാണ് ഒരു കോളജിലെ ടൂറിസം ക്ലബിൽ അംഗത്വം. രണ്ടുവർഷം ഒരു വിദ്യാർഥിക്ക് ക്ലബിൽ അംഗത്വമുണ്ടാകും. ക്ലബുകൾക്ക് ഓരോ ടൂറിസം കേന്ദ്രങ്ങൾ മേൽനോട്ടത്തിനായി ഡി.ടി.പി.സി അനുവദിക്കും. ഈ കേന്ദ്രങ്ങളുടെ പരിപാലനം, മേൽനോട്ടം, ശുചീകരണം, മാലിന്യ സംസ്കരണം അടക്കമുള്ള ചുമതലകൾ ക്ലബുകൾ വഹിക്കണം. ക്ലബ് രൂപവത്കരണം പൂർത്തിയാക്കിയാൽ ഡി.ടി.പി.സി ടൂറിസം പ്രചാരണ പരിപാടികളിലേക്ക് കടക്കും.
ഡി.ടി.പി.സിക്ക് കീഴിലുള്ള പടിഞ്ഞാറെക്കര ബീച്ച്, തിരൂർ ടൂറിസം പദ്ധതി, ഒട്ടുംപുറം ബീച്ച്, ബിയ്യം കായൽ, ബിയ്യം പാലം, മിനി പമ്പ, കുറ്റിപ്പുറം നിളയോരം പാർക്ക്, കോട്ടക്കുന്ന്, കലക്ടറ്റേറ്റ് ശാന്തിതീരം, വണ്ടൂർ ടൗൺ സ്ക്വയർ, കേരളാംകുണ്ട്, ആഢ്യൻപാറ, കരുവാരകുണ്ട്, ചമ്രവട്ടം സ്നേഹപാത എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ മനോഹരമാക്കാനാണ് തീരുമാനം. കൂടാതെ ടൂറിസം ക്ലബുകൾ കണ്ടെത്തുന്ന പുതിയ കേന്ദ്രങ്ങളും ഡി.ടി.പി.സി അതത് തദ്ദേശ സ്ഥാപനവുമായി സഹകരിപ്പിച്ച് പരിപോഷിപ്പിക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.