പരപ്പനങ്ങാടി: നിയമ സേവനങ്ങൾക്കൊപ്പം സാമൂഹിക സേവന രംഗത്തും വഴിവിളക്കായി തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി. സാധാരണക്കാർക്ക് നിയമ സേവനമെത്തിക്കുക എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ജില്ലതലത്തിലും താലൂക്ക് തലത്തിലും ലീഗൽ സർവിസസ് കമ്മിറ്റികൾ പ്രവർത്തിക്കുന്നത്.
സ്ത്രീകൾ, കുട്ടികൾ, ദുരന്തബാധിതർ, സമൂഹത്തിൽ അരികുവത്കരിക്കപെട്ടവർ, സാമ്പത്തിക ശേഷി കുറഞ്ഞവർ എന്നിവർക്ക് സൗജന്യ നിയമ സേവനം നൽകലാണ് പ്രാഥമിക ദൗത്യമെങ്കിലും നിയമാവബോധം നൽകുന്ന പഠന ക്ലാസുകൾ, ക്യാമ്പുകൾ, ദുരന്തബാധിതപ്രദേശങ്ങളിൽ സഹായമെത്തിക്കൽ തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങളാണ് താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി നിർവഹിക്കുന്നത്. പാവങ്ങൾക്ക് കേസ് നടത്താൻ പരപ്പനങ്ങാടി കോടതി കേന്ദ്രീകരിച്ച് അഭിഭാഷകരുടെ നിയമ സഹായ പാനൽ പ്രവർത്തിക്കുന്നുണ്ട്. തർക്കങ്ങൾ നിയമപോരാട്ടങ്ങളിലേക്ക് വലിച്ചഴിക്കുന്നതിന് പകരം ഒത്തുതീർപ്പിലൂടെ പ്രശ്ന പരിഹാരം കാണാനുള്ള മധ്യസ്ഥ ശ്രമങ്ങൾക്കും കമ്മിറ്റിയുടെ സേവനങ്ങൾ വലുതാണ്.
സാങ്കേതിക നൂലാമാലകളിൽപെട്ട് കോടതികൾ കയറിയിറങ്ങുന്ന നൂറുകണക്കിന് കേസുകൾക്കും തർക്കങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ നിയമ അദാലത്തുകൾ നടത്താനും കമ്മിറ്റി നടത്തുന്ന ജാഗ്രത സമൂഹത്തിന് ഏറെ പ്രയോജനകരമാണ്. വികസന വെളിച്ചമെത്താത്ത ചേലേമ്പ്രയിലെ ചേനമലയുൾപ്പടെ ഭാഗങ്ങളിൽ ക്യാമ്പുകളും നടത്താറുണ്ട്. കുടിവെള്ളത്തിന് കിണർ പണിതുനൽകിയും സ്ത്രീകൾക്ക് തൊഴിൽ പദ്ധതികൾ സമർപ്പിച്ചും തയ്യൽ നിർമാണ യൂനിറ്റ് സമർപ്പിച്ചും നിയമസഹായ വേദി തീർത്തും സാമൂഹിക സേവനരംഗത്തും സജീവമാണ്.
വയനാട് ദുരന്തമുഖത്തും പിന്നീട് ദുരിതബാധിതർക്കുള്ള വിഭവ സമാഹരണത്തിലും സജീവസാന്നിധ്യമായിരുന്നു ഇവർ. പരപ്പനങ്ങാടി സ്പെഷൽ പോക്സോ കോടതി ജഡ്ജി ഫാത്തിമ ബീവിയാണ് താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി അധ്യക്ഷ. കമ്മിറ്റി നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകുന്നതായി പരപ്പനങ്ങാടി ബാറിലെ സീനിയർ അഭിഭാഷകൻ അഡ്വ. കുഞ്ഞഹമ്മദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.