തിരൂർ: ഇതരസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്നയാൾ മോഷ്ടിച്ച ബുള്ളറ്റ് ബൈക്കുമായി തിരൂർ പൊലീസിന്‍റെ പിടിയിൽ. കൂട്ടായി അവളന്‍റെ പുരക്കൽ ഹസ്സൈനാറിനെയാണ് (30) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരൂർ നഗരത്തിലെ വാഹന പരിശോധനക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ ബുള്ളറ്റുമായി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നുനടന്ന ചോദ്യംചെയ്യലിലാണ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കഴിഞ്ഞ സെപ്റ്റംബറിൽ മോഷ്ടിച്ച ബുള്ളറ്റാണ് പ്രതി ഉപയോഗിക്കുന്നതെന്ന് തെളിഞ്ഞത്.
പ്രതി തമിഴ്നാട്, ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിൽനിന്ന് കഞ്ചാവ് എത്തിച്ച് തിരൂർ നഗരത്തിലും തീരദേശ മേഖലകളിലും കച്ചവടം നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. തീരദേശത്തെ അടിപിടി കേസുകളിൽപെട്ട് മുമ്പ് ജയിലിൽ കിടന്നിട്ടുണ്ട്. പ്രതിക്ക് കഞ്ചാവ് എത്തിക്കുന്നവർക്കെതിരെയും പ്രതി നൽകുന്ന കഞ്ചാവ് ടൗണിൽ അന്തർസംസ്ഥാന തൊഴിലാളികൾക്കും മറ്റും വിൽപന നടത്തുന്ന ചെറുകിട കച്ചവടക്കാരെയും പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
തിരൂർ സി.ഐ ജിജോ, എസ്.ഐ ജലീൽ കറുത്തേടത്ത്, പ്രമോദ്, സനീത്, ദിനേശ്, രാജേഷ്, ജയപ്രകാശ്, സുമേഷ്, അജിത്ത്, ശ്രീജിത്ത് തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.